ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും എതിരായ പോലീസ് നടപടിയെ ന്യായീകരിച്ചു കൊണ്ടും ജിഷ്ണുക്കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ടും അസത്യങ്ങളും അർദ്ധസത്യങ്ങളും കോർത്തിണക്കി ലക്ഷങ്ങൾ മുടക്കി സർക്കാർ വിവിധ പത്രങ്ങൾ വഴി 08/04/2017-ൽ നൽകിയ പരസ്യം ആണ് ചിത്രത്തിൽ. ഈ പരസ്യത്തിൽ സർക്കാർ പറയുന്ന ചില്ല കള്ളങ്ങൾ എടുത്തുകാട്ടുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
ആദ്യം മുതലേ ഗൗരവത്തോടെയാണ് പോലീസ് ഈ കേസ് അന്വേഷിച്ചതെന്ന് ഈ പരസ്യത്തിൽ പറയുന്നു. അതുതന്നെ തെറ്റ്. കേസന്വേഷിച്ച പഴയന്നൂർ പോലീസ് കൃഷ്ണദാസിനും കൂട്ടാളികൾക്കും രക്ഷപ്പെടാനുള്ള പഴുതകളോടെ ആണ് ഈ കേസന്വേഷണം തുടങ്ങിയതുതന്നെ. അതാണ് ഈ കേസ് ഇത്രയും ദുർബലമാവാനും പലർക്കും ജാമ്യം കിട്ടാനും കാരണം. ജ്ഞാനശേഖരൻ ഇപ്പോഴും സർവ്വീസിൽ തന്നെയില്ലെ സർക്കാരെ? എത്ര ദിവസം കഴിഞ്ഞാണ് ഇടിമുറിയിൽ നിന്നും പോലീസ് ജിഷ്ണുവിന്റെ രക്തക്കറ കണ്ടെത്തിയത്? ആരാണ് ജിഷ്ണുവിന്റെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയത്? എന്തുകൊണ്ടാണ് ജിഷ്ണുവിന്റെ മുഖത്ത് മൂക്കിന്റെ പാലത്തിൽ ഉണ്ടായ മുറിവ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കപ്പെടാതെ പോയത്? ജിഷ്ണു തൂങ്ങി നിന്ന മുണ്ട് നഷ്ടപ്പെട്ടത് എങ്ങനെയാണ്? അത് വീണ്ടെടുക്കാൻ എന്തു നടപടിയാണ് പോലീസ് എടുത്തത്? ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിലെ അപാകതയാണ് ഈ പറഞ്ഞതെല്ലാം.
ജിഷ്ണു കേസിൽ കൃഷ്ണദാസ് എങ്ങനെയാണ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയത്? കളക്ടർ വിളിച്ചു ചേർത്ത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന തെറ്റായ വിവരം കോടതിയെ ബോധിപ്പിച്ചല്ലെ? കളക്ടർ വിളിച്ച യോഗം കഴിഞ്ഞതിനു ശേഷം ആണ് ആ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതുതന്നെ. ആ യോഗത്തിൽ കൃഷ്ണദാസിനെ വിളിച്ചിട്ടുമുണ്ടായിരുന്നില്ല. ഈ വിഷയങ്ങൾ ഹൈക്കോടതിയെ യഥാസമയം അറിയിക്കാതിരുന്നത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഉൾപ്പടെയുള്ളവരുടെ വീഴ്ചയല്ലെ? അതിൽ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്.ജിഷ്ണുകേസിൽ ഉൾപ്പടെ ഹൈക്കോടതിയിലെ ഒരു ന്യായാധിപനിൽ നിന്നും അതിരുവിട്ട പരാമർശങ്ങൾ ഉണ്ടായപ്പോൾ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ എവിടെ ആയിരുന്നു? ന്യായാധിപൻ പരിധിവിടുന്നു എന്ന് എപ്പോഴെങ്കിലും അദ്ദേഹം കോടതിയെ ഓർമ്മപ്പെടുത്തിയോ? ഈ പരാമർശങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതി അദ്ദേഹം ജീഫ് ജസ്റ്റിസ് മുൻപാകെ നൽകിയോ?ജിഷ്ണുവിന്റെ അമ്മ ഈ വിഷയത്തിൽ ഒരു പരാതി ചീഫ് ജസ്റ്റിസിനു നൽകാൻ തയ്യാറായി. അത്രപോലും സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.
മഹിജയെ കൈപിടിച്ച് എഴുന്നേല്പിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള പ്രസ്താവനകൾ ആരെ പറ്റിക്കാനാണ്. ഈ നട്ടാൽകിളിർക്കാത്ത നുണകൾ എഴുതി പരസ്യം നൽകിയ മാദ്ധ്യമ ഉപദേഷ്ടാക്കൾക്ക് നല്ല നമസ്കാരം.നുഴഞ്ഞു കയറി പ്രശ്നം ഉണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയുന്ന ഷാജഹാനേയും ഷാജിർഖാനേയും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്നലെ ഏഷ്യാനെറ്റിന്റെ നേർക്കുനേർ എന്ന പരിപാടിയിൽ ബിജു വ്യക്തമായി പറയുന്നുണ്ട്. സർക്കാരിന്റെ പദ്ധതികൾക്ക് തുടർച്ചയായി എതിരുനിൽക്കുന്നതിനാണെന്ന് അദ്ദേഹം അറിയാതെ ആണെങ്കിലും പറയുന്നു. പിന്നെ ഹിമവൽ ഭദ്രാനന്ദ. അടുത്ത് ചായകുടിച്ചു നിന്ന അങ്ങോരേയും കൂട്ടി ഗൂഢാലോചന സിദ്ധാന്തം ഉണ്ടാക്കാൻ.
പഴയകാലം അല്ല. ജനങ്ങൾ വാർത്തകൾ കേൾക്കുകയല്ല അപ്പപ്പോൾ കാണുകയാണ്. ഇത് മനസ്സിലാക്കാനുള്ള സാമാന്യബോധം പരാജിതനും പരാജിതന്റെ മാദ്ധ്യമ ഉപദേഷ്ടാക്കൾക്കും ഉണ്ടെങ്കിൽ നല്ലത്.
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചതും വിജിലൻസ് ഡയറക്ടറുടെ ചുമതല താൽക്കാലികമായി ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയതും. രണ്ടാഴ്ചമുൻപ് വരെ കേരളമുഖ്യമന്ത്രിയുടെ പൂർണ്ണപിന്തുണ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ആണ് ശ്രീ ജേക്കബ് തോമസ്. എന്തുകൊണ്ടാണ് പെട്ടന്ന് അദ്ദേഹം അവധിയിൽ പോയത്. അദ്ദേഹം അനൗദ്യോഗികമായി മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരം അനുസരിച്ച് അദ്ദേഹം അവധിയിൽ പ്രവേശിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് ഏഷ്യാനെറ്റും മാതൃഭൂമിയും റിപ്പോർട്ട് ചെയ്തത്. പിന്നീട് മന്ത്രി എം എം മണിയുടേതായി മാദ്ധ്യമങ്ങളിൽ വന്ന പ്രസ്താവന അനുസരിച്ചും സർക്കാർ ശ്രീ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്നും മാറ്റിയതാണെന്ന് അനുമാനിക്കാം.
എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം സർക്കാരിൽ നിന്നും ഉണ്ടായതെന്നത് എല്ലാവരും ചർച്ചചെയ്യുകയുണ്ടായി. പ്രത്യേകിച്ചും മുഖ്യമന്ത്രി ഏറെ പിന്തുണ നൽകിയിരുന്ന ഒരു ഉദ്യോഗസ്ഥനു പെട്ടന്ന് പിന്തുണ നഷ്ടപ്പെടാനുള്ള കാരണം എന്താണെന്നതാണ് എല്ലാവരും ചർച്ചചെയ്തത്. വിവിധ മാദ്ധ്യമങ്ങളിൽ ഈ വിഷയത്തിൽ നടന്ന ചർച്ചകൾ കണ്ടതിൽ നിന്നും പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് പൊടുന്നനെയുള്ള സർക്കാർ നയവ്യതിയാനത്തിനു കാരണമായി പലരും പറഞ്ഞുകേട്ടത്.
രാഷ്ട്രീയമായ തീരുമാനം
കോടതിയിൽ നിന്നുള്ള തുടർച്ചയായ വിമർശനം
ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചിനെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി
ഇതിൽ ഓരോ കാരണങ്ങളും പരിശോധിക്കാം.
രാഷ്ട്രീയമായ തീരുമാനം ഉണ്ടാവുന്നത് കഴിഞ്ഞ ദിവസം നടന്ന എൽ ഡി എഫ് യോഗത്തിൽ ആണെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുള്ള പ്രധാനകാരണമായി പറയുന്നത് ബന്ധുനിയമനത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയരാജനും, സ്പോർട്ട്സ് കൗൺസിൽ ലോട്ടറി അഴിമതി വിഷയത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ടി പി ദാസനും എതിരെ ശക്തമായ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താനുള്ള ജേക്കബ് തോമസിന്റെ നിലപാടാണെന്ന് പറഞ്ഞു കേൾക്കുന്നു. ഇവർക്കെതിരായ അന്വേഷണത്തിൽ വെള്ളം ചേർക്കണമെന്ന സമ്മർദ്ദത്തെ മറികടന്ന് വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചതാണ് ആണ് ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചത്. ഇത് ശരിയാണെങ്കിൽ തത്തയുടെ ചിറകുകൾ അരിഞ്ഞും കാലൊടിച്ചും തത്തയെ പീഡിപ്പിക്കുന്നവരല്ല തങ്ങൾ ആ തത്ത സ്വതന്ത്രമായി പറക്കണം എന്നുതന്നെയാണ് തങ്ങളുടെ ആഗ്രഹം എന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യചെയ്യപ്പെടുകയാണ്. വിജിലൻസ് ഡയറക്ടറെ കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് നിയമസഭയിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒടുവിൽ പറഞ്ഞത് ആ കട്ടിൽ കണ്ട് ആരും പനിക്കണ്ട എന്നാണ്. ആ വാക്കുകൾക്ക് ഭരണപക്ഷ ബഞ്ചിൽ നിന്നും വലിയ കരഘോഷം ആയിരുന്നു. അന്ന് ഡസ്കിൽ അടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചവർത്തന്നെ വിജിലൻസ് ഡയറക്ടറെ മാറ്റി എങ്കിൽ ആ ആഹ്ലാദവും ആ പ്രസ്താവനയും ആത്മാർത്ഥമായിരുന്നില്ല എന്നുവേണം കരുതാൻ
കൃസ്തുമസ് അവധി കഴിഞ്ഞ കോടതി ആരംഭിച്ചതു മുതൽ വിജിലൻസ് സംബന്ധമായ കേസുകൾ പരിഗണിക്കുന്നത് ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചാണെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് ജയശങ്കർ പല ചാനൽ ചർച്ചകളിലും പറഞ്ഞിരുന്നു. ഈ ബഞ്ചിൽ നിന്നും ബാർകോഴ ഉൾപ്പടെയുള്ള പല വിഷയങ്ങളിലും നിശിതമായ വിമർശനങ്ങൾ ആണ് വിജിലൻസിനെതിരെ ഉണ്ടായിക്കൊണ്ടിരുന്നത്. ആ വിമർശനങ്ങൾ പലപ്പോഴും കോടതിയുടെ അധികാരപരിധികൾ ലംഘിച്ചുകൊണ്ടുള്ളവയാണെന്നും വിവിധ ചർച്ചകളിൽ പങ്കെടുത്ത അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ വിജിലൻസ് രാജാണോ നടക്കുന്നത്, ഈ ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടർ പദവിയിൽ നിന്നും നീക്കാത്തതെന്ത് തുടങ്ങി വാക്കാലുള്ള പല പരാമർശങ്ങളും ഹൈക്കോടതിയിൽ നിന്നും ഉണ്ടായി. ഈ പരാമർശങ്ങൾ ആണ് ജേക്കബ് തോമസിനെ മാറ്റുന്നതിനുള്ള കാരണമായി എൽ ഡി എഫിലെ ചില കക്ഷികൾ (ആന്റണി രാജു ഉൾപ്പടെയുള്ളവർ) ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഹൈക്കോടതിയുടെ അത്തരം പരാമർശങ്ങൾ നിയമപരമായിത്തന്നെ തെറ്റാണെന്ന് അഭിഷാകരായ ജയശങ്കർ, സെബാസ്റ്റ്യൻ പോൾ, കെ വി മധുസൂദനൻ എന്നിവർ പറയുന്നു. അത്തരം പരാമർശങ്ങൾ നടത്താനുള്ള അധികാരം ജഡ്ജിമാർക്കില്ലെന്നാണ് ചാനൽ ചർച്ചകളിലെ മേല്പറഞ്ഞ അഭിഭാഷകരുടെ അഭിപ്രായ്ത്തിൽ നിന്നും മനസ്സിലാക്കുന്നത്. ഇത്തരം പരാമർശങ്ങൾ ഉണ്ടായാൽ അത് ശരിയല്ലെന്ന് ന്യായാധിപരെ അറിയിക്കാൻ അവകാശവും അധികാരവും ഉള്ളവ്യക്തിയാണ് അഡ്വക്കേറ്റ് ജനറൽ. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹം കോടതിയിൽ ആക്ഷേപം ഉന്നയിച്ചതായി വാർത്തകൾ കണ്ടതുമില്ല. ഏതെങ്കിലും ഉദ്യോഗസ്ഥനെക്കുറിച്ച്, അന്വേഷണത്തെ കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടേങ്കിൽ അത് ഉത്തരവിലൂടെ നൽകാൻ ആവശ്യപ്പെടണം എന്ന അഭിപ്രായമാണ് മുൻപ് പരാമർശിച്ച മൂന്ന് അഭിഭാഷകരും ഉന്നയിച്ചത്.
അടുത്ത ആക്ഷേപം അത് അഡ്വക്കറ്റ് ജയശങ്കർ ഉന്നയിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്തുണ്ടായിരുന്ന ലാവ്‌ലിൻ കേസിൽ അന്വേഷണ റിപ്പോർട്ട് തള്ളീക്കളഞ്ഞ വിചാരണക്കോടതി ഉത്തരവിനെതിരെ സി ബി ഐ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നേരത്തെ പറഞ്ഞ ഹൈക്കോടതി ബഞ്ചാണ്. വിജിലൻസ് ഡയറക്ടർക്കെതിരായി ഈ ബഞ്ച് ഉന്നയിക്കുന്ന വിമർശനങ്ങളിൽ നടപടി എടുക്കാതിരിക്കുന്നത് ലാവ്‌ലിൻ കേസിന്റെ വിധിയെ ബാധിച്ചേക്കും എന്ന ഭയമാണ് ഈ തീരുമാനം എടുക്കാനുള്ള കാരണം എന്ന് ജയശങ്കർ വക്കീൽ ഉളപ്പടെ ചിലർ പറയുന്നു.സാധാരണഗതിയിൽ ന്യായാധിപരുടെ പരാമർശനങ്ങളെ വലിയ ഭയഭക്തിയോടെ കാണുന്നവരല്ല ഇടതുപക്ഷ സർക്കാരുകൾ. പക്ഷെ ഈ ഉദ്യോഗസ്ഥനെ എന്തുകൊണ്ട് മാറ്റുന്നില്ല എന്ന ചോദ്യം വന്ന് 24 മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ട സർക്കാർ നടപടി ഇത്തരം സംശയം ജനിപ്പിക്കുന്നുണ്ട്. അത് സർക്കാരിനും നീതിന്യായ സംവിധാനത്തിനും ഭൂഷണമായ ഒന്നല്ല.
എന്തുകൊണ്ട് വിജിലൻസ് ഡയറക്ടറെ തൽസ്ഥാനത്തു നിന്നും നീക്കി എന്നത് (നീക്കി എന്ന് എം എം മണിയും ആന്റണി രാജുവും ഒക്കെ സമ്മതിച്ചു കഴിഞ്ഞു. അതിനാൽ ജേക്കബ് തോമസ് സ്വയം അവധിയിൽ പ്രവേശിച്ചതാണെന്ന ആനത്തലവട്ടം ആനന്ദൻ ഉൾപ്പടയുള്ളവരുടെ വാദം തള്ളിക്കളയാം എന്ന് കരുതുന്നു) ഇപ്പോൾ യാഥാർത്ഥ്യമാണ്. വിജിലൻസ് ഡയറക്ടറുടെ ചുമതല ഡി ജി പി ലോക്നാഥ് ബഹ്റ ഏറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ട് എന്തായിരുന്നു ജേക്കബ് തോമസിനെ മാറ്റാനുള്ള കാരണം എന്നത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം എന്ന അഭിപ്രായം ആണ് എനിക്കുള്ളത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് എൽ ഡി എഫ് വാഗ്ദാനം ചെയ്തത്. അത്തരം നിലപാടെടുക്കും എന്ന് പൊതുവിൽ വിശ്വസിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ആണ് ജേക്കബ് തോമസ്. ആ വിശ്വാസം തെറ്റായിരുന്നു എങ്കിൽ ജേക്കബ് തോമസ് ആ പദവിയ്ക്ക് അനർഹൻ ആയിരുന്നു എങ്കിൽ അത് പ്രസ്താവിക്കാനുള്ള ആർജ്ജവം ഈ സർക്കാർ കാണിക്കണം. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ പോലീസിന്റെ തലവൻ ആയിരുന്ന ടി പി സെൻകുമാർ പോലീസിനെ ശരിയായ വിധത്തിൽ നയിക്കുന്നില്ലെന്നും നിരവധി വീഴ്ചകൾ അദ്ദേഹത്തിന്റെ കീഴിൽ പോലീസിനു പറ്റിയെന്നും പരസ്യമായി പ്രഖ്യാപിച്ചാണ് സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ പോലീസിന്റെ നേതൃസ്ഥാനത്ത് അവരോധിച്ചത്. ആ ആർജ്ജവം ഈ വിഷയത്തിലും കാണിക്കും എന്ന് കരുതുന്നു.
സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങളും അതെ തുടർന്ന് ആത്മഹത്യചെയ്യുകയോ പഠനം തന്നെ നിറുത്തുകയോ ചെയ്യുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള വാർത്തകളും ആണ് കുറച്ചു നാളുകളായി നമ്മൾ എല്ലാവരും ചർച്ചചെയ്യുന്നത്. അതിൽ തന്നെ ഏറെ ഞെട്ടിപ്പിച്ച ഒന്നാണ് പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ കൊലപാതകം. ഇതിനെത്തുടർന്ന് ഉണ്ടായ പല വെളിപ്പെടുത്തലുകളിൽ ഇതേ നെഹ്രു കോളേജിന്റെ തന്നെ മാനേജ്മെന്റിനു കീഴിൽ വരുന്ന ലക്കിടിയിലെ കോളേജിൽ പഠിക്കുന്ന ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിയെ പാമ്പാടിയിലെ കോളേജിലെ 'ഇടിമുറിയിൽ' കൊണ്ടുവന്ന് കൃഷ്ണദാസും സംഘവും മർദ്ദിച്ചതുമായ ബന്ധപ്പെട്ട കേസ് ഇപ്പോൾ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ഈ കേസിൽ കൃഷ്ണദാസ് ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനും റിമാന്റ് ചെയ്യാനും ഈ കേസിന്റെ അന്വേഷണം പുതുതായി ഏറ്റെടുത്ത പോലീസ് സംഘത്തിനു സാധിച്ചിട്ടുണ്ട്. കേസ് ആദ്യം ആന്വേഷിച്ച പഴയന്നൂർ പോലീസിനുണ്ടായ വീഴ്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പുതിയ സംഘം
തുടർന്നുണ്ടായ പല സംഭവവികാസങ്ങളിൽ ഇപ്പോൾ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് പാമ്പാടി കോളേജിൽ കൊല്ലപ്പെട്ട ജിഷ്ണു പ്രണൊയ്‌യുടെ അമ്മ മഹിജയ്ക്കെതിരെ പരാതിയുമായി പോകാനുള്ള ബാർ കൗൺസിലിന്റെ തീരുമാനം. ഇത് അംഗീകരിക്കാൻ സാധിക്കുന്നില്ല. തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മറ്റുപ്രതികൾക്കെല്ലാം വിചാരണക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ കേരള ഹൈക്കോടതിയിൽ പ്രസ്തുത ജാമ്യഹർജി പരിഗണിച്ച ബഞ്ച് കൃഷ്ണദാസ് എന്ന പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അതും തെറ്റായ വിവരങ്ങൾ കോടതിയിൽ ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്ന വസ്തുത വെളിയിൽ വന്നിട്ടും ആ വസ്തുത പ്രസ്തുത ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും തെറ്റായ വിവരങ്ങൾ പറഞ്ഞ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിൽ പ്രസ്തുത ബഞ്ച് നടപടി എടുത്തതും ഇല്ല. ഈ കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡി ജി പി മഞ്ചേരി ശ്രീധരൻ നായരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയും ഏറെ വിമർശിക്കപ്പെട്ടിരുന്നു.
ലക്കിടി കോളേജിലെ വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ ഇതേ കൃഷ്ണദാസും കൂട്ടരും തട്ടീക്കൊണ്ടു പോവുകയും അന്യായമായി തടങ്കലിൽ വെയ്ക്കുകയും മർദ്ദിക്കുകയും, ദുരുപയോഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ രേഖകൾ ഒപ്പിട്ടുവാങ്ങുകയും ചെയ്ത കേസിൽ കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ഇതേ ബഞ്ച് കൃഷ്ണദാസ് അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വസ്തുത പ്രോസിക്യൂഷൻ അറിയിച്ചിട്ടും ആ മുൻകൂർ ജാമ്യാപേക്ഷയിലെ നടപടികളുമായി മുന്നോട്ട് പോയത് തീർത്തും അസാധാരണവും തെറ്റായതുമായ നടപടിയാണെന്ന് വിവിധ നിയമവിദഗ്ദ്ധന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃഷ്ണദാസ് അറസ്റ്റിലും റിമാന്റിലും ആയി രണ്ടു ദിവസം പിന്നിടുന്നു. വിചാരണക്കോടതി കൃഷ്ണദാസ് ഉൾപ്പടെ പല പ്രതികളുടേയും ജാമ്യ ഹർജി തള്ളുകയും ചെയ്യുന്നു. അപ്പോളും കേരള ഹൈക്കോടതിയിലെ ബഞ്ച് കൃഷ്ണദാസിനു വേണ്ടി സമർപ്പിക്കപ്പെട്ട മുൻക്കുർ ജാമ്യാപേക്ഷയിലെ വാദവുമായി മുന്നോട്ട് പോവുകയാണ്. കൃഷ്ണദാസിന്റെ അറസ്റ്റോടെ മുൻകൂർജാമ്യം എന്ന ആവശ്യം അപ്രസക്തമായ സാഹചര്യത്തിൽ കേരള ഹൈക്കോടതിയിലെ ഈ ബഞ്ചിന്റെ നടപടി പല നിയമജ്ഞരേയും ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ആണ് ഈ ജാമ്യഹർജി പരിഗണിക്കുന്ന ജഡ്ജി കൃഷ്ണദാസിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള ലക്കിടി കോളേജിലെ ഒരു പരിപാടിയിൽ സംബന്ധിക്കുകയും ഇവിടെ പ്രതിസ്ഥാനത്ത് ആരോപണവിധേയരായി നിൽക്കുന്ന വ്യക്തികൾക്കൊപ്പം വേദി പങ്കെടുന്ന ചിത്രങ്ങൾ സൗത്ത് ലൈവ് പുറത്തുവിടുന്നതും ഈ വാദം കേൾക്കുന്ന ജഡ്ജിയ്ക്ക് നെഹ്രുഗ്രൂപ്പിലെ തന്നെ പലരുമായും അടുത്ത ബന്ധം ഉണ്ടെന്ന വാർത്തകൾ വരുന്നത്. ഷഹീർ ഷൗക്കത്തലിയും ആ പരിപാടിയിൽ സംബന്ധിച്ച ആളായതിനാൽ അന്ന് ഇതേ ജഡ്ജി അവിടെ നടത്തിയ പ്രസംഗത്തിലും മറ്റും കോളേജിലെ പ്രിൻസിപ്പൾ (സെബാസ്റ്റ്യൻ) ഉൾപ്പടെ പലരും തന്റെ സുഹൃത്തുക്കളാണെന്നും അതുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞതായി ചാനൽ ചർച്ചയിൽ (മാതൃഭൂമി 21/03/2017) വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ മഹിജയ്ക്കുണ്ടായ സംശയം ന്യായമാണെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ തന്നെ അവർ അത്തരം ഒരു പരാതി ചീഫ് ജസ്റ്റിസിനു നൽകിയതിൽ തെറ്റായൊന്നും കാണാൻ സാധിക്കുന്നില്ല. ഇത്തരം ഒരു ആരോപണം ഉണ്ടായ സാഹചര്യത്തിൽ ഈ കേസിൽ തുടർ വാദം കേൾക്കുന്നതിൽ നിന്നും പ്രസ്തുത ബഞ്ച് സ്വമേധയാ പിന്മാറുന്നതാണ് ഉചിതം എന്നാണ് ഞാൻ കരുതുന്നത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും അവയ്ക്കെതിരെ പൊത്സമൂഹത്തിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉയർന്നുവരുന്ന പ്രതിഷേധശബ്ദങ്ങളും ആണല്ലൊ കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത്. പാമ്പാടി നെഹ്രു കോളേജിൽ മാനേജ്മെന്റിന്റെ പീഡനങ്ങൾ മൂലം ആത്മഹത്യ ചെയ്ത (മാനേജ്മെന്റ് കൊലപ്പെടുത്തിയ) ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ ദുരനുഭവം ഉയർത്തിവിട്ട പ്രതിഷേധത്തിന്റെ അലകൾ നെഹ്രു കോളേജിലെ മാത്രം അല്ല, മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രതിഷേധങ്ങൾക്ക് ശക്തിപകർന്നു. പല കൊടികെട്ടിയ മാനേജ്മെന്റുകളും വിദ്യാർത്ഥിസമൂഹത്തിന്റേയും പൊതുസമൂഹത്തിന്റേയും ശക്തമായ പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുമടക്കി. അതിൽ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതും തിരുവനന്തപുരം പേരൂർക്കട ലോ അക്കാദമി ലോകോളേജിൽ നടന്ന സമരം ആണ്. ശക്തമായ സമരത്തിനു മുൻപിൽ നാരായണൻ നായർക്കും സംഘത്തിനും ഉണ്ടായിരുന്ന രാഷ്ട്രീയ പിൻബലം അവരെ രക്ഷിക്കാൻ ഉതകിയില്ല എന്നത് വളരെ സന്തോഷം നൽകുന്നു. ഗുരുതരമായ ആരോപണങ്ങൾ നേരിട്ട മറ്റൊരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ മറ്റക്കര ടോംസ് കോളേജിന് അംഗീകാരം തന്നെ നഷ്ടപ്പെട്ടു. ജിഷ്ണു പ്രണോയ് വിഷയത്തിൽ ഇപ്പോഴും ആശങ്കപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രോസിക്യൂഷന്റേയും പോലീസിന്റേയും ഫോറൻസിക് വിഭാഗത്തിന്റേയും ഭാഗത്തുനിന്നും ഉണ്ടായ പല വീഴ്ചകളും ഇപ്പോൾ സംശയം ഉണർത്തുന്നു. ഒടുവിൽ വന്ന വാർത്തകൾ അനുസരിച്ച് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് നെഹ്രു ഗ്രൂപ്പിന്റെ ചെയർമാൻ കൃഷ്ണദാസിനു മുൻകൂർ ജാമ്യം ലഭിക്കുന്നതിനു കാരണമായതെന്ന് പറയപ്പെടുന്നു.
സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടക്കുന്ന ഈ പീഡനങ്ങൾ ചർച്ചചെയ്യപ്പെടുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒന്നാണ് ഈ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിനു ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ. വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കപ്പെട്ടിട്ടില്ലാത്തതാണ് ഈ പീഡനങ്ങൾക്ക് കാരണമാകുന്നതെന്ന് പറയുമ്പോൾ പേരൂർക്കട് ലോ അക്കാദമി ലോ കേളേജിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കപ്പെട്ടിട്ടുണ്ട് എന്ന ഏവരും സമ്മതിക്കുന്നു. എന്നിട്ടും വിദ്യാർത്ഥികൾ തുടർച്ചയായി മാനേജ്മെന്റിന്റെ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരുന്നു എന്നതാണ് വാസ്തവം. വിദ്യാർത്ഥി രാഷ്ട്രീയം അതിന്റെ പാരമ്യത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള ചില സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥി പീഡനം സംബന്ധിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ മറ്റ് സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംഭവങ്ങൾക്ക് കിട്ടിയ മാദ്ധ്യമശ്രദ്ധ ഈ വിഷയത്തിൽ കിട്ടാതെ പോയി. അങ്ങനെയുള്ള ചില സംഭവങ്ങൾ കൂടി പരാമർശിക്കാം എന്ന് കരുതുന്നു.
കോട്ടയം നാട്ടകം ഗവണ്മെന്റ് പോളിടെക്നിക്കിലെ റാഗിങ്ങ്
കോട്ടയം ജില്ലയിൽ നാട്ടകത്തുള്ള ഗവണമെന്റ് പോളിടെക്നിക്ക് കോളേജിലെ ദളിത് വിദ്യാർത്ഥിയായ അവിനാശിനെ ക്രൂരമായ പീഡനങ്ങൾക്ക് അതേ കോളേജിലെ തന്നെ ഒരു വിഭാഗം വിദ്യാർത്ഥികൾ വിധേയനാക്കിയത് ഇക്കഴിഞ്ഞ ഡിസംബർ മാസം രണ്ടാതീയതിയാണ്. ഈ റാഗിങ്ങ് സംബന്ധിച്ച് ഡിസംബർ പന്ത്രണ്ടിനു വാർത്ത നൽകിയ മാതൃഭൂമിയിൽ ഇപ്രകാരം പറയുന്നു. "രാത്രി ഹോസ്റ്റലിലെത്തിയ ഒമ്പതോളം വിദ്യാര്‍ത്ഥികള്‍ അവിനാഷ് അടക്കമുള്ളവരെ നഗ്‌നരാക്കി ആറ് മണിക്കൂറോളം വ്യായാമ മുറകള്‍ ചെയ്യിച്ചു. ഇതിനുശേഷം വിഷം കലര്‍ന്ന മദ്യം അവരുടെ വായിലൊഴിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനായി വീട്ടിലെത്തിയപ്പോഴാണ് റാഗിങ്ങിനിരയായ കാര്യം അവിനാഷ് പറയുന്നത്. ഇതോടെ അവിനാഷിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. വിഷം കലര്‍ന്ന മദ്യം ഉള്ളില്‍ചെന്നതാണ് വൃക്ക തകരാറിലാകാന്‍ കാരണമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു." ഇതേ തുടർന്ന് നാട്ടകം പോളിയിൽ തന്നെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പീഡനങ്ങൾ സംബന്ധിക്കുന്ന പല വാർത്തകളും വെളിയിൽ വന്നു. പ്രത്യേകിച്ചു ദളിത് വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ മംഗളത്തിന്റെ ഈ വാർത്തയിൽ പറയുന്നുണ്ട്. അവിനാശിനേയും ഷൈജുവിനേയും റാഗിങ്ങിനു വിധേയരാക്കിയ മുഴുവൻ പ്രതികളും പോലീസിനു കീഴടങ്ങുകയും അവരെ ഡിസംബർ 31 വരെ റിമാന്റ് ചെയ്തതായും വാർത്തകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി മനു, എറണാകുളം സ്വദേശികളായ ശരണ്‍, ജെറിന്‍, വണ്ടിപ്പെരിയാര്‍ സ്വദേശി ജയപ്രകാശ്,ചാലക്കുടി സ്വദേശി ജെയ്‌സന്‍ കോട്ടയം സ്വദേശി അഭിലാഷ്, മേലുകാവ് സ്വദേശി ശരത് ,കൊല്ലം സ്വദേശി നിധിന്‍, പ്രവീൺ എന്നീ ഒൻപതു പേരാണ് ഈ കേസിൽ പ്രതിസ്ഥനത്തുള്ളത്. വിദ്യർത്ഥി രാഷ്ട്രീയം ശക്തമായ നാട്ടകം പോളിയിൽ ഡിസംബർ 2നു നടന്ന ഈ ക്രൂരമായ ഈ പീഡനം വെളിയിൽ വരുന്നത് പത്തു ദിവസം കഴിഞ്ഞാണ്. ഈ കേസിൽ ഉണ്ടായ തുടർ നടപടികൾ ഇപ്പോൾ അറിയില്ല. അവിനാശ് നാട്ടകത്തെ പഠനം മതിയാക്കി മറ്റൊരു പോളിടെക്നിക്കിലേക്ക് മാറ്റം നേടാൻ ശ്രമിക്കുന്നു എന്ന് വാർത്തകൾ.
എം ജി സർവ്വകലാശാലയിലെ വിദ്യാർത്ഥി പീഡനം
ജിഷ്ണു പ്രണൊയിയുടെ മരണം ചർച്ചചെയ്യപ്പെടുന്ന അവസരത്തിൽ തന്നെയാണ് കോട്ടയത്ത് എം ജി സർവകലാശാല ക്യാമ്പസ്സിൽ എം ഫിൽ വിദ്യാർത്ഥിയായ വിവേക് കുമാരനു നേരെ അക്രമം ഉണ്ടാവുന്നത്. വിവേക് കുമാരനു നേരെ ഉണ്ടായ അക്രമത്തെക്കുറിച്ചുള്ള മംഗളം വാർത്തയിൽ ഇങ്ങനെ പറയുന്നു "സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഠനത്തിന്റെ ഭാഗമായി ആരംഭിച്ച അംബേദ്‌കര്‍ സ്‌റ്റുഡന്‍സ് മൂവ്‌മെന്റ് എന്ന സംഘടനയില്‍ വിവേക് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഹോസ്‌റ്റലിലെ തന്റെ മുറിയിലേയ്‌ക്ക് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കമ്പിവടി അടക്കമുള്ള മാരകായുധങ്ങളുമായാണു സംഘം ഹോസ്‌റ്റലിലെ മുറിയില്‍ എത്തിയതെന്നും എസ്.എഫ്.ഐയ്‌ക്കെതിരെ നീ പ്രവര്‍ത്തിക്കുമോടാ എന്ന് ആക്രോശിച്ചുകൊണ്ടു സംഘം തന്റെ തലയ്‌ക്കു നേരെ കമ്പിവടി വീശുകയായിരുന്നുവെന്നുമാണു മൊഴി. മുറി പൂര്‍ണമായും തല്ലിത്തകര്‍ക്കുകയും വിവേകിനെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്‌തു. ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയില്‍ പറയുന്നു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നു ബോധരഹിതനായ വിവേകിനെ സമീപത്തെ മുറിയിലെ വിദ്യാര്‍ഥികളാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴുത്തിനു സാരമായി പരുക്കേറ്റ വിവേകിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചതവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി ലഭിച്ചതായും കേസെടുത്തതായും ഗാന്ധിനഗര്‍ എസ്.ഐ. എം.ജെ. അരുണ്‍ കേസ് എടുത്തു" എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെയുള്ളവർ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് ഉള്ളത്.
കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് വിദ്യാർത്ഥി പീഡനം
വിദ്യാർത്ഥി രാഷ്ട്രീയം ഏറ്റവും ശക്തമായ കളമശ്ശേരി ഗവണ്മെന്റ് പോളിറ്റെക്നിക്കിൽ വിദ്യാർത്ഥി ഹോസ്റ്റൽ ആയ പെരിയാറിൽ നടക്കുന്ന പീഡനങ്ങളെ സബന്ധിക്കുന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. പെരിയാറിലെ പാകൃതമായ റാഗിങ്ങിനെ കുറിച്ച് മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നത് ഇങ്ങനെ. "ആണ്‍കുട്ടികളുടെ ഹോസ്റ്റലായ പെരിയാറില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മനുഷ്യാവകാശ കമീഷനും റേഞ്ച് ഐ.ജിക്കും പരാതി സമര്‍പ്പിച്ചത്. ഭക്ഷണശാലയില്‍ അടിവസ്ത്രം ധരിപ്പിക്കാതിരിക്കുക, കുളിമുറിയുടെ വാതില്‍ തുറന്നുവെച്ച് കുളിപ്പിക്കുക, നിര്‍ബന്ധിത നഗ്നതപ്രദര്‍ശനം തുടങ്ങിയ പ്രാകൃതചട്ടങ്ങള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചേല്‍പിച്ചിരുന്നെന്നും ആരെങ്കിലും എതിര്‍ത്താല്‍ കൂടുതല്‍ പ്രാകൃതപീഡനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാല്‍ നഗ്നരാക്കി ഭക്ഷണഹാളിനുചുറ്റും ഓടിക്കുമായിരുന്നു. ശൗചാലയം അടച്ചിട്ട് കുളിക്കുന്നവരെ കണ്ടത്തെി പൂട്ടിയിടുന്നതും തോര്‍ത്ത് മാത്രം ധരിച്ച് ഭക്ഷണശാല കഴുകണമെന്ന നിബന്ധനയും ഭയന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷംപേരും താമസം മതിയാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു" റാഗിങ്ങിനു ഇരയായ വിദ്യാർത്ഥികൾ എറണാകുളം റേഞ്ച് ഐ ജിയ്ക്കും മനുഷ്യാവകാശകമ്മീഷനും പരാതി നൽകുകയായിരുന്നു. തുടർന്ന് പോളിടെക്നിക്ക് ആന്റി റാഗിങ്ങ് സെൽ നടത്തിയ അന്വേഷണത്തിൽ 11 വിദ്യാർത്ഥികളെ സസ്പ്എന്റ് ചെയ്തിട്ടുണ്ട്. കളമശ്ശേരിയിൽ നടന്ന റാഗിങ്ങ് സംബന്ധിച്ച് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പോളിടെക്നിക് എസ് എഫ് ഐ നേതൃത്വത്തിന്റെ ഈ വിഷയത്തിലെ നിലപാടും അപഹാസ്യമായി തോന്നി. "കോളേജിൽ നടന്ന സംഭവം പോലീസല്ല കോളേജ് അധകൃതരാണ് അന്വേഷിക്കേണ്ടതെന്ന് എസ് എഫ് ഐ നേതൃത്വം ആവശ്യപ്പെട്ടു. കോളേജ് അധികൃതർ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എൻ എഫ് ഐ നേതൃത്വം ആവശ്യപ്പെട്ടു" എന്നതാണ് എസ് എഫ് ഐ നിലപാടായി ആ വാർത്തയിൽ പ്രസിദ്ധീകരിച്ചത്. റാഗിങ്ങ് ഒരു ക്രിമിനൽ കുറ്റമാണ്. അതിനുള്ള അന്വേഷണം നടത്തേണ്ടത് പോലീസും ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടത് കോടതിയും ആണ്. റാഗിങ് തടയുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ 2009 മെയ് 8-ലെ സുപ്രധാനമായ ഒരു വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിനു വീഴ്ചവരുത്തുന്ന സ്ഥാപന മേലധികാരികളും ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ കുറ്റക്കാരാണ്.
കഴിഞ്ഞ മൂന്നു മാസക്കാലത്ത് സ്വാശ്രയ / സ്വകാര്യ സ്ഥാപനങ്ങളിൽ അല്ലാതെ നടന്ന് ചില വിദ്യാർത്ഥി പീഡനങ്ങൾ സംബന്ധിക്കുന്ന വാർത്തകൾ ആണ് മുകളിൽ പറഞ്ഞത്. മഞ്ചേരി മെഡിക്കൽ കോളേജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതും ഡിസംബർ മാസത്തിൽ ആണ്. സദാരലംഘനം ആരോപിച്ച് തൃശൂർ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ആക്രമിച്ചതും കഴിഞ്ഞ ആഴ്ചകളിൽ ആണ്. ഈ വിഷയത്തിൽ ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുത്ത് എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് നടത്തിയ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾ വിളിച്ചു വരുത്തുകയും ചെയ്തു. സ്വാശ്രയ / സ്വകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന മാനേജ്മെന്റ് പീഡനങ്ങൾ പോലെ തന്നെ എതിർക്കപ്പെടേണ്ടതും സമൂഹത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകേണ്ടതുമായ വിഷയം തന്നെയാണ് വിദ്യാർത്ഥി സംഘടനകൾക്ക് ശക്തമായ വേരോട്ടം ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികളിൽ നിന്നും ഏൽക്കുന്ന പീഡനങ്ങളും. ആ വിദ്യാർത്ഥികളുടെ രോദനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകരുത്.
ഈ പറയുന്നത് വൈപ്പിൻകരയെ കുറിച്ചാണ്. കൃത്യമായി പറഞ്ഞാൽ വൈപ്പിനിലെ രണ്ട് ഗ്രാമങ്ങളെ കുറിച്ച്. കുഴുപ്പിള്ളിയും എടവനക്കാടും. ഈ രണ്ട് ഗ്രാമങ്ങളിലും ഉള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, കാൽനടക്കാരായ മുതിർന്നവർക്ക് നേരിടേണ്ടുന്ന ഒരു അപകടസാദ്ധ്യതയെ കുറിച്ചാണ്. അതുകൊണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള കുഴുപ്പിള്ളിക്കാരും എടവനക്കാട്ടുകാരുമായ സുഹൃത്തുക്കൾ അല്പം സമയം എടുത്തിട്ടായാലും ഇതൊന്ന് വായിക്കണം എന്ന അപേക്ഷയുണ്ട്. പങ്കെവെയ്ക്കപ്പെടുന്ന ആശങ്ക ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം ഇത് ഷെയർ ചെയ്യുക
വൈപ്പിൻകരക്കാർ അല്ലാത്തവർക്കായി ഒരല്പം ചരിത്രം. എറണാകുളം ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് അറബിക്കടലിനും കൊച്ചിക്കായലിനും ഇടയിലായി 26 കിലോമീറ്റർ നീളത്തിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. വൈപ്പിനിലെ പ്രധാനസഞ്ചാരപാത ഇങ്ങ് തെക്കേയറ്റത്ത് ഫോർട്ട് വൈപ്പിൻ മുതൽ അങ്ങ് വടക്കേഅറ്റത്ത് മുനമ്പം വരെ നീണ്ടുകിടക്കുന്ന വൈപ്പിൻ - മുനമ്പം റോഡ് ആണ്. ഇന്ന് അത് വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയാണ്. ഗൂഗിൾ മാപ്പിൽ നോക്കുന്ന ഏതൊരാൾക്കും വൈപ്പിൻ കരയിലെ ഈ ധമനിയെ മുറിച്ചുകൊണ്ട് വൈപ്പിൻ ദ്വീപിനെ വീണ്ടും ചെറിയ ചെറിയ ഖണ്ഡങ്ങളാക്കുന്ന നിരവധി ചെറുതോടുകൾ കാണാം. പ്രധാനമായും 14 തോടുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയെ മുറിക്കുന്നുണ്ട്
വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാതയെ മുറിച്ച് കടന്നുപോകുന്ന തോടുകൾ
മുൻപ് ഇത് അധികം വാഹനങ്ങൾ ഇല്ലാത്ത ഒരു പാതയായീരുന്നു വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത. എന്നാൽ മാല്യങ്കരപാലം വന്നതോടെ കൊടുങ്ങല്ലൂർ തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളതുൾപ്പടെ വടക്കൻ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾക്ക് എറണാകുളത്തേയ്ക്ക് എത്താൽ എളുപ്പമുള്ള മാർഗ്ഗമായി വൈപ്പിൻ - പള്ളിപ്പുറം പാതമാറി. അങ്ങനെ ലോകത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നായ വൈപ്പിനിലെ ഈ വീതികുറഞ്ഞ പാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അവസ്ഥയായി. ഒരു ചെറിയ സമയത്തെ ബ്ലോക്ക് പോലും വാഹനങ്ങളുടെ വലിയ നിരതന്നെ സൃഷ്ടിക്കുന്ന അവസ്ഥ. റോഡിനു അല്പം വീതി കൂടിയെങ്കിലും ഗതാഗതക്കുരുക്കിനു പലപ്പോഴും കുറവില്ലാതെ വന്നു. ഇതിൽ ഏറ്റവും ദുർഘടമായിരുന്നത് മുകളിൽ പറഞ്ഞ തോടുകൾക്ക് കുറുകെയുള്ള വീതികുറഞ്ഞ പാലങ്ങൾ ആയിരുന്നു. വൈപ്പിനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പാലങ്ങളുടെ വീതികൂട്ടുക എന്നതല്ലാതെ മറ്റു പോംവഴി ഇല്ലാതായപ്പോൾ അതിനായുള്ള പല സമരങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായി. ഒടുവിൽ തീരെ വീതികുറഞ്ഞ ഒൻപത് പാലങ്ങൾ വീതികൂട്ടി പുനർ നിർമ്മിക്കാൻ തീരുമാനമായി. നിലവിലുള്ള പാലത്തിനോട് ചേർന്ന് ആദ്യം ഒരു പാലം നിർമ്മിക്കുക പിന്നെ നിലവിലെ പാലം പൊളിച്ചുമാറ്റുകയും പുതിയപാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും ചെയ്യുക. എന്നിട്ട് പഴയപാലം ഇരുന്ന സ്ഥലത്ത് പുതിയപാലത്തോട് ചേർന്ന് പാലം നിർമ്മിക്കുക. അതാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി. ഈ പദ്ധതി അനുസരിച്ചു തന്നെ ഏഴുപാലങ്ങളും പുനർനിർമ്മിച്ചു. റോഡിനേക്കാൾ ഇരട്ടി വീതി പാലങ്ങൾക്ക് ഉണ്ടായി.
കുഴുപ്പിള്ളിയിൽ പഴയപാലം പൊളിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നു. പുതിയ പലത്തിലൂടെകടന്നുപോകുന്ന വാഹനങ്ങളും കാണാം
പല പ്രശ്നങ്ങൾമൂലം രണ്ട് പാലങ്ങൾ എടവനക്കാട് പഞ്ചായത്തിലെ പഴങ്ങാട് പാലവും കുഴുപ്പിള്ളി പഞ്ചായത്തിലെ കുഴുപ്പിള്ളി പാലവും. സ്ഥലം ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരവും പാലത്തിന്റെ സമീപത്തുള്ള വഴി അടഞ്ഞുപോകുന്നതു സംബന്ധിച്ച തർക്കവും ആണ് ഈ രണ്ട് പാലങ്ങളുടെ പുനർനിർമ്മാണം വൈകുന്നതിന്റെ കാരണങ്ങൾ. ഇപ്പോൾ ഈ രണ്ട് പാലങ്ങളൂടെയും പുനർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സമാന്തരമായ പലാങ്ങൾ പണിപൂർത്തിയാക്കി. കുഴുപ്പിള്ളി പാലത്തിൽ പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും പഴയപാലം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു.
ഇനിയാണ് പ്രധാനപ്രശ്നം. കുഴുപ്പിള്ളിയിൽ ഒന്നാംഘട്ടം പണിപൂർത്തിയായി ഗതാഗതം അതിലൂടെ തിരിച്ചുവിട്ടു. പഴയപാലം പൊളിച്ചുതുടങ്ങി. പുതിയതായി പണിതപാലത്തിനു വീതി വളരെ കുറവാണ്. രണ്ടാഘട്ടം പൂർത്തിയാകുമ്പോഴെ പാലത്തിനു പൂർണ്ണമായ വീതി ഉണ്ടാകൂ. ഇപ്പോൾ ഒരു ബസ്സ് പാലത്തിൽ കറിയാൽ പിന്നെ ഒരാൾക്ക് നടക്കാനുള്ള സ്ഥലം ഉണ്ടാകില്ല. അതാണ് അവസ്ഥ. പാലത്തിനു ഏതാനും മീറ്ററുകൾ അകലെ ഒരു ഹയർ സെക്കന്ററി സ്ക്കൂളും ഒരു യു പി സ്ക്കൂളും ഉണ്ട്. സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്ക്കൂൾ, സെന്റ് ഗ്രിഗറീസ് യു പി സ്ക്കൂൾ. കുഴുപ്പിള്ളി പഞ്ചായത്തിലെ തന്നെ ഏക ഹയർ സെക്കന്ററി സ്ക്കൂൾ. നിരവധികുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. അധികവും ഈ ഗ്രാമത്തിലെ തന്നെ സാധാരണക്കാരായവരുടെ മക്കൾ. നടന്നും സൈക്കിളിലും സ്ക്കൂളിൽ എത്തുന്നവർ. ഞാനും ഇതേ സെന്റ് ഗ്രിഗറീസിലെ പൂർവ വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ടാൽ വടക്കുഭാഗത്തു നിന്നും വരുന്ന കുട്ടികൾ കൂട്ടമായി ഈ പാലം കടന്ന് വേണം അപ്പുറം എത്താൻ. ഇപ്പോഴും അവർ പൊളിച്ചു തുടങ്ങിയ പഴയപാലത്തിലൂടെ നടന്നാണ് അപ്പുറം എത്തുന്നത്. ഈ പാലം പൂർണ്ണമായും പൊളിച്ചു കഴിഞ്ഞാൽ ഈ കുട്ടികളുടെ മാത്രമല്ല പ്രായമായവരുടേയും യാത്ര വളരെ അപകടം പിടിച്ചതാവും. പുതിയ പാലത്തിൽ എന്തായാലും കാൽനടക്കാർക്ക് പോകാൻ സാധിക്കില്ല.
പുതിയ പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ
ഈ വിഷയത്തിൽ ഏക പരിഹാരമാർഗ്ഗം പണിനടക്കുന്ന പാലത്തിനു പടിഞ്ഞാറുവശത്തായി ഒരു നടപ്പാത ഉണ്ടാക്കുക എന്നതാണ്. ഈ പ്രശ്നം പാലം പണിയുന്ന ഘട്ടത്തിൽ മുൻകൂട്ടിക്കാണാൻ ബന്ധപ്പെട്ടവർക്ക സാധിക്കാതെ പോയി. പഴയപാലം പൊളിച്ചു മാറ്റുന്നതിനു മുൻപ് ഈ വിഷയത്തിനു പരിഹാരം ഉണ്ടാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അധികാരികൾ ഉണർന്നു പ്രവർത്തിക്കും എന്ന് കരുതുന്നു. എടവനക്കാട്ടും ഇപ്പോൾ പഴപാലത്തിലൂടെ ആണ് ഗതാഗതം നടക്കുന്നത്. ഒന്നാംഘട്ടം പാലം പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ടം തുടങ്ങുന്നതിനു മുൻപേ അവിടേയും നടപ്പാത ആവശ്യമായി വരും. നിലവിലെ പാലം പൊളിക്കുന്നതിനു മുൻപ് അവിടേയും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകണം. വൈപ്പിനിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്ക്കൂൾ ആണ് ആ പാലത്തിനു മുൻപുള്ളത്. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ. അപകടങ്ങൾ ഉണ്ടായിട്ട് വിലപിക്കുന്നതിൽ അർത്ഥമില്ല. അത് ഉണ്ടാകാതെ നോക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ പ്രായമായവർക്കും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും കാൽനടക്കാർക്കും സുരക്ഷിതമായി യാത്രചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഒരു നടപ്പാത ഈ രണ്ട് സ്ഥലങ്ങളിലും ഉണ്ടാകണം എന്ന് പറയുന്നത്. വൈപ്പിൻ എം എൽ എ കൂടിയായ എസ് ശർമ്മ എംഎൽഎ മുൻകൈ എടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി G Sudhakaran അവർകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് നടപ്പാത നിർമ്മാണത്തിനാവശ്യമായ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കും എന്ന് കരുതുന്നു.
കഴിഞ്ഞ എട്ടാം തീയതി (08/11/2016) രാത്രി 8 മണിയോടെ രാഷ്ട്രത്തോടായി നടത്തിയ ഒരു പ്രഖ്യാപനത്തിലൂടെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള സർക്കാരിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് രാജ്യത്തെമ്പാടും സാധാരണക്കാരും അല്ലാത്തവരും ആയ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ആണല്ലൊ ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. നോട്ട് അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്റെ ചിന്താഗതികൾ ഇവിടെ രേഖപ്പെടുത്താം എന്ന് കരുതുന്നു.
നോട്ട് അസാധുവാക്കുക എന്ന സർക്കാർ തീരുമാനത്തോടും ഈ തീരുമാനത്തിലൂടെ കൈവരിക്കാൻ സാധിക്കും എന്ന് സർക്കാർ കരുതുന്ന ലക്ഷ്യങ്ങളോടും എനിക്ക് അനുകൂലമായ നിലപാടാണ് ഉള്ളത്. സർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഈ പ്രഖ്യാപനം ധൃതിപിടിച്ചുള്ളതാണെന്ന ചിന്താഗതിയും എനിക്കില്ല. മുൻകൂട്ടി അറിയിച്ച് നോട്ടുകൾ പിൻവലിച്ചാൽ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയും എന്ന് കരുതുന്നില്ല.
ഈ തീരുമാനം ഞാൻ ഉൾപ്പടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന സത്യത്തിൽ നിന്നും മുഖം തിരിക്കാനും ഉദ്ദേശമില്ല. ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും അല്ല ജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണം ലഭിക്കാത്തതു മൂലം പല സ്ഥലങ്ങളിലും ആളുകൾ മരിക്കുന്നുണ്ട്. യഥാസമയം ചികിത്സകിട്ടാതെ, അതിനുള്ള പണം കൈയ്യിലുണ്ടായിട്ടും ആ നോട്ടുകൾ മാറി പുതിയ നോട്ടുകൾ ആക്കാൻ കഴിയാതെ വരുന്നതു കൊണ്ട് പലരും മരണപ്പെടുന്നുണ്ട്. നോട്ടുകൾ മാറിയെടുക്കാനുള്ള ക്യൂവിൽ നിന്നും ആളുകൾ മരിക്കുന്നു. വിവാഹങ്ങൾക്ക് പണം ലഭിക്കുന്നില്ല. ഫീസടക്കാൻ നിർവ്വാഹമില്ലാതെ ചിലർ ആത്മഹത്യ ചെയ്യുന്നു. അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് വിവിധങ്ങളായ പ്രശ്നങ്ങൾ ആണ് നേരിടേണ്ടി വരുന്നത്. തീർച്ചയായും ഇതെല്ലാം സങ്കടകരം തന്നെയാണ്. അതിനൊപ്പം തന്നെ ചിലതെല്ലാം ഒഴിവാക്കാൻ സാധിക്കുന്നതും ആയിരുന്നു. കോളേജ് ഫീസ്, വിവാഹാവശ്യങ്ങൾ, ചികിത്സ എന്നിവയ്ക്കുള്ള പണം ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തയ്യാറാവണമായിരുന്നു. അങ്ങനെ ചെയ്താൽ ചില മരണങ്ങൾ / ആത്മഹത്യകൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. അതുണ്ടായില്ല എന്നത് വേദനാജനകം ആണ്. സർക്കാരിന്റെ ഈ തീരുമാനം വന്നതിനു ശേഷം ഇന്നേ സമയം വരെ രാജ്യത്തൊട്ടാകെ എൺപതോളം മരണങ്ങൾ നോട്ട് അസാധുവാക്കിയതുകൊണ്ട് സംഭവിച്ചു എന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഞാൻ മനസ്സിലാക്കുന്നത് സർക്കാരിന്റെ ഈ തീരുമാനം രാജ്യത്തിന്റെ വികസനത്തിനും കള്ളപ്പണത്തിന്റേയും കള്ളനോട്ടിന്റേയും വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. കള്ളപ്പണം കൈവശം സൂക്ഷിച്ചിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികൾ എങ്കിലും ഇത് ബാധിച്ചിരിക്കുന്നത് അത്തരക്കാരെ മാത്രമല്ല. സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങളെയും ആണ്. ഞാൻ മനസ്സിലാക്കുന്നത് ഇതൊരു ഫിൽട്ടറിങ്ങ് പ്രോസസ്സ് ആണെന്നാണ്. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഒരു അരിച്ചെടുക്കൽ പ്രക്രിയ. അരിപ്പയുടെ കണ്ണികൾ എത്രമാത്രം ചെറുതാവുന്നുവോ അത്രയും ഫലം കൂടുതൽ ലഭിക്കും. എന്നാൽ സാധാരണക്കാരായ ആളുകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ അതിനനുസരിച്ച് കൂടുകയും ചെയ്യും. കണ്ണികൾ വലുതാവുംന്തോറും ഫലം കുറയുകയും എന്നാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും. അതിനാൽ തന്നെ ഒരു സന്തുലിതമായ നിലപാട് ഈ വിഷയത്തിൽ സർക്കാരിനും ഉണ്ടാകേണ്ടത് ആവശ്യമാണ്.
സർക്കാർ സ്വീകരിച്ച നടപടികൾ നൂറുശതമാനം പിഴവുകൾ ഇല്ലാത്തതാണെന്ന അഭിപ്രായം എനിക്കില്ല. വലിയ നോട്ടുകൾ പിൻവലിച്ചപ്പോൾ ചെറിയ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചിട്ടുണ്ട്. അതു പോലെ പുതുതായി പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്. അഞൂറു രൂപ നോട്ടുകൾ ആകട്ടെ ഇതുവരെ ലഭ്യമായിട്ടും ഇല്ല. ഇങ്ങനെ നോട്ടുകൾ ലഭ്യമാകാത്തത് ഞാൻ ഉൾപ്പടെയുള്ള ആളുകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചെറുതല്ല. നോട്ടുകളുടെ വിനിമയത്തിൽ ഭൂരിഭാഗവും ആശ്രയിച്ചിരിക്കുന്ന ഒരു വിപണിയിൽ നോട്ടുകളുടെ ലഭ്യതയിൽ പെട്ടന്നുണ്ടാകുന്ന വലിയ കുറവ് തീർച്ചയായും ചെറുതല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിൽ തർക്കമില്ല.
ഈ വിധത്തിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുന്നവരോടും ചിലത് പറയാനുണ്ട്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കിലിട്ടത് തിരികെ എടുക്കാൻ ചെല്ലുന്നവരെ പോലീസ് തല്ലുന്നു. ചാപ്പ കുത്തുന്നു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം സർക്കാർ പിടിച്ചു വെയ്ക്കുന്നു. ജനങ്ങളുടെ സമ്പാദ്യം സർക്കാർ പിടിച്ചുവെച്ചു കൊണ്ട് ജങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണ്. ആത്മഹത്യ ചെയ്യാൻ നിർബന്ധിതമാക്കുകയാണ് എന്നെല്ലാം പലരും എഴുതിക്കണ്ടു. ഈ മരണങ്ങൾ കണ്ട് എന്തുകൊണ്ട് ഞെട്ടുന്നില്ല? ഇങ്ങനെ പല ചോദ്യങ്ങൾ കേൾക്കുന്നുണ്ട്. ബി ജെ പി എന്ന രാഷ്ട്രീയപ്രസ്ഥാനത്തോട് ചായ്‌വ് പുലർത്തുന്ന വ്യക്തികൂടി ആയതിനാൽ കടുത്ത പല വിമർശനങ്ങളും കേട്ടു. പക്ഷെ ഇതെല്ലാം കണ്ടും കേട്ടും ഞെട്ടാത്തത് ഇത്തരം സംഭവങ്ങൾ ആദ്യമായി കാണുകയല്ല എന്നതുകൊണ്ടാണ്. സർക്കാർ നയങ്ങൾ വികസന പദ്ധതികൾ എന്നിവയുടെ പേരിൽ വ്യക്തികളുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുന്നതും വ്യക്തികളെ കുടുംബങ്ങളെ വഴിയാധാരം ആക്കുന്നതും അതുമൂലം പലരും ആത്മഹത്യചെയ്യുന്നതും എല്ലാം ഇതിനുമുൻപും കണ്ടിട്ടുണ്ട്. അത്രത്തോളം ഗുരുതരം അല്ല ഇപ്പോഴത്തെ സ്ഥിതി എന്നാൺ് എന്റെ നിഗമനം.
എന്റെ നാടായ എറണാകുളം ജില്ലയിൽ വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പള്ളി എന്ന ഗ്രാമത്തിലെ 316 കുടുംബങ്ങളുടെ ദുരവസ്ഥ മുകളിലെ വീഡിയോയിൽ കാണാം. നാടിന്റെ വികസനത്തിനു വേണ്ടി സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിക്കാൻ തയ്യാറാകാതിരുന്ന അവരെ അവർ ജനിച്ചു വളർന്ന, അവരുടെ സമ്പാദ്യങ്ങൾ ഉള്ള, അവർ അദ്ധ്വാനിച്ച് പണിതുയർത്തിയ വീട്ടിൽ നിന്നും അന്നത്തെ സർക്കാർ ഇറക്കിവിടുകയായിരുന്നു. അവരുടെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ഉൾപ്പടെ അന്ന് നശിപ്പിക്കപ്പെട്ടു. അങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളിൽ നല്ലൊരു ഭാഗം ഇന്നും മതിയായ പുനരധിവാസം ഇല്ലാതെ ഷെഡുകളിൽ കഴിയുന്നുണ്ട്. അവരുടെ ആറു വർഷങ്ങൾ കഴിഞ്ഞുള്ള ദുരവസ്ഥ ഇവിടെ എഴുതിയിട്ടുണ്ട്. അന്ന് വീട്ടിൽ നിന്നും ഇറക്കിവിടപ്പെട്ടവരിൽ പലരും വഴിയാധാരമായി തന്നെ ആണ് മരിച്ചത്. അതുപോലെ ആറന്മുളയിൽ വിമാനത്താവളത്തിനു വേണ്ടി ഒരു പ്രദേശമാകെ വ്യവസായമേഖലയായി പ്രഖ്യാപിച്ചപ്പോൾ ഒരു വലിയ വിഭാഗത്തിന്റെ വസ്തുവകകൾ ആണ് മരവിപ്പിക്കപ്പെട്ടത്. പശ്ചിമബംഗാളിൽ സിങ്കൂരിൽ ടാറ്റയ്ക്കായി ഭൂമിയേറ്റെടുത്തപ്പോൾ എത്ര ഭീകരമായാണ് ഭരണകൂടം ജനങ്ങളെ നേരിട്ടത്. കേരളത്തിൽ തന്നെ വിമാനത്താവളം, ദേശീയപാതകൾ, അതുപോലെ മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കി മരവിപ്പിച്ചിട്ടിരിക്കുന്ന സ്ഥലങ്ങൾ എത്ര ആളുകളുടെ ജീവിതമാണ് കഷ്ടത്തിലാക്കുന്നത്. എത്ര ആളുകളുടെ സ്വപ്നങ്ങൾ ആണ് ഇല്ലാതാക്കുന്നത്. ഇന്ത്യയിൽ ഏത് രാഷ്‌ട്രീയ പാർട്ടി ഭരിക്കുന്ന സ്ഥലമായാലും ഇതുപോലുള്ള വിഷമതകൾ നേരിടുന്ന ജനവിഭാഗങ്ങൾ ധാരാളമുണ്ട്. നോട്ട് അസാധുവാക്കൽ കൊണ്ടുണ്ടായിട്ടുള്ള സ്ഥിതി ഇത്രയും ഗുരുതരമാണെന്ന് ഞാൻ കരുതുന്നില്ല.
മുകളിൽ പറഞ്ഞ സംഗതി ഒരു പ്രദേശത്തെ കുറെ ആളുകളെ മാത്രം ബാധിക്കുന്നതാണെങ്കിൽ നോട്ട് അസാധുവാക്കൽ മൂലമുണ്ടായിട്ടുള്ള ദുരിതങ്ങൾ രാജ്യവ്യാപകമായി തന്നെ ജങ്ങളെ ബാധിക്കുന്നതാണ്. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമുള്ളതു കൊണ്ട് ജനങ്ങളെ വിശ്വാസത്തിൽ എടുക്കുന്ന, ജനപിന്തുണ ലഭിക്കുന്ന പ്രവർത്തനങ്ങൾ നരേന്ദ്ര മോദി സർക്കാർ കാഴ്ചവെയ്ക്കും എന്നുതന്നെ വിശ്വസിക്കുന്നു. അങ്ങനെ ചെയ്തില്ല എങ്കിൽ പശ്ചിമ ബംഗാളും കമ്മ്യൂണിസ്റ്റ് പാർട്ടികളും നമുക്ക് മുൻപിൽ ഉദാഹരണമായി ഉണ്ട്. നോട്ട് അസാധുവാക്കൽ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സർക്കാരിൽ നിന്നും ഉണ്ടാകും എന്ന് ഉറച്ച വിശ്വാസത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പ്ലസ്സിൽ നടന്ന ചില ചർച്ചകൾ കണ്ടു. വിഷയം സിനിമയും ടോറന്റും പറസിയും തന്നെ ആയിരുന്നു. അല്പം വ്യത്യസ്തമായ ഒന്നാണ് ഞാൻ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കാൻ കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി പറവൂരിൽ പ്രഭൂസ് എന്ന തീയറ്ററിൽ പുലിമുരുഗൻ കാണാനുള്ള ജനങ്ങളുടെ ആവേശം ആണ്. എന്റെ വീട്ടിൽ നിന്നും ഏഴോ എട്ടോ കിലോമീറ്റർ അകലെയാണ് പ്രഭൂസ് തീയറ്റർ കഴിഞ്ഞ ഏതാനും ആഴ്ചകളിലെ ഒഴിവു ദിവസങ്ങളിൽ വലിയ തിരക്കാണ്. ഇന്നലെ ഉച്ചയ്ക്ക് ഞാൻ തീയറ്ററിനു മുന്നിലൂടെ പോകുമ്പോൾ മാറ്റിനി കാണാൻ വലിയ ജനക്കൂട്ടം ഉണ്ട്. തീയറ്ററിന്റെ ഗേറ്റ് തുറന്നിട്ടില്ല. കുറെക്കഴിഞ്ഞ ഞാൻ മടങ്ങിപോകുമ്പോൾ ആ ജനക്കൂട്ടത്തിൽ കുറെ ആളുകൾ ടിക്കറ്റ് കിട്ടാതെ തീയറ്ററിനു വെളിയിൽ നിൽക്കുന്നുണ്ട്. അടുത്ത ഷോയ്ക്ക് ടിക്കറ്റ് കൊടുക്കുമ്പോളെ ഇനി കയറാൻ ഒക്കൂ. അവരെയൊക്കെ ഗെയ്റ്റിനു വെളിയിൽ ആക്കി തീയറ്ററുകാർ ഗേയ്റ്റ് അടച്ചിട്ടുണ്ട്. ഇനി അവർ മണിക്കൂറുകൾ കാത്തു നിൽക്കണം. അടുത്ത ഷോ തുടങ്ങുന്നതിനു മുൻപ് ഗ്ഗേറ്റ് തുറക്കുമ്പോൾ ഇടിയിട്ട് അകത്തു കടന്ന് വീണ്ടും ക്യു നിന്ന് ടിക്കറ്റ് എടുക്കണം. ആ തവണയും ടിക്കറ്റ് കിട്ടണം എന്നില്ല. എന്റെ ബന്ധുക്കളിൽ ചിലർ തന്നെ കുട്ടികളേയും കൂട്ടി ഇതേ തീയറ്ററിൽ ഇതേ ചിത്രം കാണാൻ നാലു തവണ പോയിട്ടാണ് ടിക്കറ്റ് കിട്ടിയത്.
എന്തുകൊണ്ടാണ് ആളുകൾക്ക് സിനിമ ഇത്രയും അവശ്യഘടകമായി തോന്നുന്നത്? ഒരു വിനോദോപാധിയായ സിനിമ ജീവിതത്തിൽ ഇത്ര അത്യന്താപേക്ഷിതമാണോ, ഈ ത്യാഗങ്ങൾ സഹിച്ച് കാണാൻ?
വ്യക്തിപരമായി സിനിമ എന്ന കലയോട് ഈ ഭ്രാന്തമായ ആവേശം പണ്ടെ ഇല്ല. കുട്ടിക്കാലത്ത് അച്ഛനും അമ്മയും സിനിമയ്ക്ക് കൊണ്ടു പോയാലും ഞാൻ തീയറ്ററിൽ അധികം ഇരുന്നിട്ടില്ല. പിന്നെ അല്പം കൂടെ മുതിർന്നപ്പോൾ അവർ പോകുമ്പോൾ വിളിച്ചാലും പോകില്ല. ഞാനും അനിയനു വീട്ടിൽ ഇരുന്നു കളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. കോളേജ് കാലഘട്ടത്തിൽ ഒരിക്കൽ ഏതോ സിനിമയ്ക്ക് പോയി ഇതേപൊലെ തിരക്കും ബഹളവും കഴിഞ്ഞ ടിക്കറ്റ് കിട്ടാതെ തിരിച്ചു പോന്നു. പിന്നെ ആകെ ഒരിക്കൽ മാത്രമാണ് കോളേജ് പഠനകാലത്ത് സിനിമ കാണാൻ തീയറ്ററിൽ പോയത്. അതും പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞ സമയത്ത് രൂപ് കി റാണി ചോരോം കാ രാജ ആണ് ആ സിനിമ എന്നാണ് ഓർമ്മ. പിന്നീട് പഠനകാലത്ത് സിനിമ കണ്ടിട്ടുണ്ടെങ്കിൽ അത് വിനോദയാത്ര പോകുന്ന അവസരത്തിൽ ഒരിക്കൽ ആവണം.
സിനിമകൾ ഏറ്റവും കൂടുതൽ കണ്ടകാലഘട്ടം പഠനം കഴിഞ്ഞ 'അപ്രന്റീസായി' ജോലി ചെയ്യുന്ന സമയത്താണ്. അതിൽ അധികവും എറണാകുളം ശ്രീധർ തീയറ്ററിൽ ആണ്. പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷവും. ഞാൻ ഏറ്റവും അധികം സിനിമകൾ കണ്ട നഗരം തിരുവനന്തപുരം ആയിരിക്കണം. ജോലിയ്ക്കായി തിരുവനന്തപുരത്ത് വന്നാൽ വൈകീട്ട് 6 മണിയ്ക്കെങ്കിലും മടങ്ങാൻ സാധിച്ചില്ലെങ്കിൽ പിന്നെ എറണാകുളത്ത് എത്തിയാൽ വീട് എത്താൻ പറ്റില്ല. പിറ്റേന്ന് നേരം പുലരും വരെ എറണാകുളം ബസ് സ്റ്റാന്റിൽ കൊതുകടി കൊണ്ട് കഴിച്ചു കൂട്ടണം. ഇതൊഴിവാക്കാനുള്ള മാർഗ്ഗം സെക്കന്റ് ഷോ കഴിഞ്ഞ് തിരുവനന്തപുരത്തു നിന്നും ബസ് പിടിക്കുക എന്നതാണ്. അതിനായി തമ്പാനൂർ കെ എസ് ആർ ടി സി സ്റ്റാന്റിനു സമീപമുള്ള തീയറ്ററുകളിൽ ഏതെല്ലാം സിനിമ ആണെന്നു നോക്കി ഇഷ്ടം തോന്നുന്ന ഒരെണ്ണത്തിനു ടിക്കറ്റ് റിസർവ് ചെയ്യും. അങ്ങനെ റിസർവ് ചെയ്യാൻ സാധിക്കുന്ന തീയറ്ററുകളിൽ മാത്രമേ സിനിമയ്ക്ക് പോകാറുള്ളു.
പറഞ്ഞു വന്നത് സിനിമ എന്നത് കഷ്ടതകൾ സഹിച്ച് കാണേണ്ട ഒരു സംഗതിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു ഉപഭോകതാവ് എന്ന നിലയിൽ ഒരാൾ ഏറ്റവും അപമാനിക്കപ്പെടുന്ന സ്ഥലം സിനിമാ തീയറ്റർ ആണെന്നാണ് എന്റെ അനുഭവം. മറ്റു പല സ്ഥലങ്ങളിലും ഉപഭോക്താക്കൾ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും എല്ലാം ചെയ്യുന്നുണ്ട്. പക്ഷെ അവിടെ പലയിടത്തും ആവശ്യം നമ്മുടേതാകയാൽ ക്ഷമിക്കുന്നു. സിനിമ കണ്ടില്ല എന്നതു കൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. എന്നിട്ടും എന്താണ് ഇത്രയും കഷ്ടതകൾ സഹിച്ച് സിനിമകാണാൻ ഒരാളെ പ്രേരിപ്പിക്കുന്ന ഘടകം? സിനിമാപ്രാന്തന്മാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.