Saturday, 24 December 2016

പതിയിരിക്കുന്ന അപകടം

ഈ പറയുന്നത് വൈപ്പിൻകരയെ കുറിച്ചാണ്. കൃത്യമായി പറഞ്ഞാൽ വൈപ്പിനിലെ രണ്ട് ഗ്രാമങ്ങളെ കുറിച്ച്. കുഴുപ്പിള്ളിയും എടവനക്കാടും. ഈ രണ്ട് ഗ്രാമങ്ങളിലും ഉള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, കാൽനടക്കാരായ മുതിർന്നവർക്ക് നേരിടേണ്ടുന്ന ഒരു അപകടസാദ്ധ്യതയെ കുറിച്ചാണ്. അതുകൊണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള കുഴുപ്പിള്ളിക്കാരും എടവനക്കാട്ടുകാരുമായ സുഹൃത്തുക്കൾ അല്പം സമയം എടുത്തിട്ടായാലും ഇതൊന്ന് വായിക്കണം എന്ന അപേക്ഷയുണ്ട്. പങ്കെവെയ്ക്കപ്പെടുന്ന ആശങ്ക ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം ഇത് ഷെയർ ചെയ്യുക

വൈപ്പിൻകരക്കാർ അല്ലാത്തവർക്കായി ഒരല്പം ചരിത്രം. എറണാകുളം ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് അറബിക്കടലിനും കൊച്ചിക്കായലിനും ഇടയിലായി 26 കിലോമീറ്റർ നീളത്തിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. വൈപ്പിനിലെ പ്രധാനസഞ്ചാരപാത ഇങ്ങ് തെക്കേയറ്റത്ത് ഫോർട്ട് വൈപ്പിൻ മുതൽ അങ്ങ് വടക്കേഅറ്റത്ത് മുനമ്പം വരെ നീണ്ടുകിടക്കുന്ന വൈപ്പിൻ - മുനമ്പം റോഡ് ആണ്. ഇന്ന് അത് വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയാണ്. ഗൂഗിൾ മാപ്പിൽ നോക്കുന്ന ഏതൊരാൾക്കും വൈപ്പിൻ കരയിലെ ഈ ധമനിയെ മുറിച്ചുകൊണ്ട് വൈപ്പിൻ ദ്വീപിനെ വീണ്ടും ചെറിയ ചെറിയ ഖണ്ഡങ്ങളാക്കുന്ന നിരവധി ചെറുതോടുകൾ കാണാം. പ്രധാനമായും 14 തോടുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയെ മുറിക്കുന്നുണ്ട്


വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാതയെ മുറിച്ച് കടന്നുപോകുന്ന തോടുകൾ
മുൻപ് ഇത് അധികം വാഹനങ്ങൾ ഇല്ലാത്ത ഒരു പാതയായീരുന്നു വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത. എന്നാൽ മാല്യങ്കരപാലം വന്നതോടെ കൊടുങ്ങല്ലൂർ തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളതുൾപ്പടെ വടക്കൻ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾക്ക് എറണാകുളത്തേയ്ക്ക് എത്താൽ എളുപ്പമുള്ള മാർഗ്ഗമായി വൈപ്പിൻ - പള്ളിപ്പുറം പാതമാറി. അങ്ങനെ ലോകത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നായ വൈപ്പിനിലെ ഈ വീതികുറഞ്ഞ പാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അവസ്ഥയായി. ഒരു ചെറിയ സമയത്തെ ബ്ലോക്ക് പോലും വാഹനങ്ങളുടെ വലിയ നിരതന്നെ സൃഷ്ടിക്കുന്ന അവസ്ഥ. റോഡിനു അല്പം വീതി കൂടിയെങ്കിലും ഗതാഗതക്കുരുക്കിനു പലപ്പോഴും കുറവില്ലാതെ വന്നു. ഇതിൽ ഏറ്റവും ദുർഘടമായിരുന്നത് മുകളിൽ പറഞ്ഞ തോടുകൾക്ക് കുറുകെയുള്ള വീതികുറഞ്ഞ പാലങ്ങൾ ആയിരുന്നു. വൈപ്പിനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പാലങ്ങളുടെ വീതികൂട്ടുക എന്നതല്ലാതെ മറ്റു പോംവഴി ഇല്ലാതായപ്പോൾ അതിനായുള്ള പല സമരങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായി. ഒടുവിൽ തീരെ വീതികുറഞ്ഞ ഒൻപത് പാലങ്ങൾ വീതികൂട്ടി പുനർ നിർമ്മിക്കാൻ തീരുമാനമായി. നിലവിലുള്ള പാലത്തിനോട് ചേർന്ന് ആദ്യം ഒരു പാലം നിർമ്മിക്കുക പിന്നെ നിലവിലെ പാലം പൊളിച്ചുമാറ്റുകയും പുതിയപാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും ചെയ്യുക. എന്നിട്ട് പഴയപാലം ഇരുന്ന സ്ഥലത്ത് പുതിയപാലത്തോട് ചേർന്ന് പാലം നിർമ്മിക്കുക. അതാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി. ഈ പദ്ധതി അനുസരിച്ചു തന്നെ ഏഴുപാലങ്ങളും പുനർനിർമ്മിച്ചു. റോഡിനേക്കാൾ ഇരട്ടി വീതി പാലങ്ങൾക്ക് ഉണ്ടായി. 

കുഴുപ്പിള്ളിയിൽ പഴയപാലം പൊളിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നു. പുതിയ പലത്തിലൂടെകടന്നുപോകുന്ന വാഹനങ്ങളും കാണാം
പല പ്രശ്നങ്ങൾമൂലം രണ്ട് പാലങ്ങൾ എടവനക്കാട് പഞ്ചായത്തിലെ പഴങ്ങാട് പാലവും കുഴുപ്പിള്ളി പഞ്ചായത്തിലെ കുഴുപ്പിള്ളി പാലവും. സ്ഥലം ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരവും പാലത്തിന്റെ സമീപത്തുള്ള വഴി അടഞ്ഞുപോകുന്നതു സംബന്ധിച്ച തർക്കവും ആണ് ഈ രണ്ട് പാലങ്ങളുടെ പുനർനിർമ്മാണം വൈകുന്നതിന്റെ കാരണങ്ങൾ. ഇപ്പോൾ ഈ രണ്ട് പാലങ്ങളൂടെയും പുനർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സമാന്തരമായ പലാങ്ങൾ പണിപൂർത്തിയാക്കി. കുഴുപ്പിള്ളി പാലത്തിൽ പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും പഴയപാലം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. 

ഇനിയാണ് പ്രധാനപ്രശ്നം. കുഴുപ്പിള്ളിയിൽ ഒന്നാംഘട്ടം പണിപൂർത്തിയായി ഗതാഗതം അതിലൂടെ തിരിച്ചുവിട്ടു. പഴയപാലം പൊളിച്ചുതുടങ്ങി. പുതിയതായി പണിതപാലത്തിനു വീതി വളരെ കുറവാണ്. രണ്ടാഘട്ടം പൂർത്തിയാകുമ്പോഴെ പാലത്തിനു പൂർണ്ണമായ വീതി ഉണ്ടാകൂ. ഇപ്പോൾ ഒരു ബസ്സ് പാലത്തിൽ കറിയാൽ പിന്നെ ഒരാൾക്ക് നടക്കാനുള്ള സ്ഥലം ഉണ്ടാകില്ല. അതാണ് അവസ്ഥ. പാലത്തിനു ഏതാനും മീറ്ററുകൾ അകലെ ഒരു ഹയർ സെക്കന്ററി സ്ക്കൂളും ഒരു യു പി സ്ക്കൂളും ഉണ്ട്. സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്ക്കൂൾ, സെന്റ് ഗ്രിഗറീസ് യു പി സ്ക്കൂൾ. കുഴുപ്പിള്ളി പഞ്ചായത്തിലെ തന്നെ ഏക ഹയർ സെക്കന്ററി സ്ക്കൂൾ. നിരവധികുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. അധികവും ഈ ഗ്രാമത്തിലെ തന്നെ സാധാരണക്കാരായവരുടെ മക്കൾ. നടന്നും സൈക്കിളിലും സ്ക്കൂളിൽ എത്തുന്നവർ. ഞാനും ഇതേ സെന്റ് ഗ്രിഗറീസിലെ പൂർവ വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ടാൽ വടക്കുഭാഗത്തു നിന്നും വരുന്ന കുട്ടികൾ കൂട്ടമായി ഈ പാലം കടന്ന് വേണം അപ്പുറം എത്താൻ. ഇപ്പോഴും അവർ പൊളിച്ചു തുടങ്ങിയ പഴയപാലത്തിലൂടെ നടന്നാണ് അപ്പുറം എത്തുന്നത്. ഈ പാലം പൂർണ്ണമായും പൊളിച്ചു കഴിഞ്ഞാൽ ഈ കുട്ടികളുടെ മാത്രമല്ല പ്രായമായവരുടേയും യാത്ര വളരെ അപകടം പിടിച്ചതാവും. പുതിയ പാലത്തിൽ എന്തായാലും കാൽനടക്കാർക്ക് പോകാൻ സാധിക്കില്ല. 


പുതിയ പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ
ഈ വിഷയത്തിൽ ഏക പരിഹാരമാർഗ്ഗം പണിനടക്കുന്ന പാലത്തിനു പടിഞ്ഞാറുവശത്തായി ഒരു നടപ്പാത ഉണ്ടാക്കുക എന്നതാണ്. ഈ പ്രശ്നം പാലം പണിയുന്ന ഘട്ടത്തിൽ മുൻകൂട്ടിക്കാണാൻ ബന്ധപ്പെട്ടവർക്ക സാധിക്കാതെ പോയി. പഴയപാലം പൊളിച്ചു മാറ്റുന്നതിനു മുൻപ് ഈ വിഷയത്തിനു പരിഹാരം ഉണ്ടാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അധികാരികൾ ഉണർന്നു പ്രവർത്തിക്കും എന്ന് കരുതുന്നു. എടവനക്കാട്ടും ഇപ്പോൾ പഴപാലത്തിലൂടെ ആണ് ഗതാഗതം നടക്കുന്നത്. ഒന്നാംഘട്ടം പാലം പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ടം തുടങ്ങുന്നതിനു മുൻപേ അവിടേയും നടപ്പാത ആവശ്യമായി വരും. നിലവിലെ പാലം പൊളിക്കുന്നതിനു മുൻപ് അവിടേയും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകണം. വൈപ്പിനിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്ക്കൂൾ ആണ് ആ പാലത്തിനു മുൻപുള്ളത്. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ. അപകടങ്ങൾ ഉണ്ടായിട്ട് വിലപിക്കുന്നതിൽ അർത്ഥമില്ല. അത് ഉണ്ടാകാതെ നോക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ പ്രായമായവർക്കും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും കാൽനടക്കാർക്കും സുരക്ഷിതമായി യാത്രചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഒരു നടപ്പാത ഈ രണ്ട് സ്ഥലങ്ങളിലും ഉണ്ടാകണം എന്ന് പറയുന്നത്. വൈപ്പിൻ എം എൽ എ കൂടിയായ എസ് ശർമ്മ എംഎൽഎ മുൻകൈ എടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി G Sudhakaran അവർകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് നടപ്പാത നിർമ്മാണത്തിനാവശ്യമായ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കും എന്ന് കരുതുന്നു.

2 comments:

  1. കുഴുപ്പിള്ളി പഞ്ചായത്തിന്റേയും കുഴുപ്പിള്ളി സി പി എം ലോക്കൽ കമ്മറ്റിയുടെയും മറ്റ് കക്ഷിരാഷ്ട്രീയപ്രവർത്തകരുടേയും ജനങ്ങളുടെയും ഇടപെടലിന്റെ ഫലമായി വൈപ്പിൻ എം എൽ എകൂടിയായ എസ് ശർമ്മ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി കാൽനടയാത്രക്കാർക്കായി താൽക്കാലിക നടപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ശുഭവാർത്ത ഇന്നത്തെ മനോരമ പത്രത്തിൽ നിന്നും അറിയാൻ സാധിച്ചു.

    ReplyDelete
  2. നടപ്പാത എന്ന് പ്രശ്നം പരിഹരിക്കപ്പെട്ടു എങ്കിലും ഇപ്പോഴത്തെ പ്രശ്നം ഗതാഗതക്കുരുക്കാണ്. പഴയപാലം പൂർണ്ണമായും പൊളിച്ചു നീക്കി. അതിന്റെ പുനർ നിർമ്മാണം ഒച്ചിനേക്കാൾ പതുക്കെയാണ് മുന്നേറുന്നത്. പുതിയ പാലത്തിലേയ്ക്കുള്ള അപ്രോച്ച് റോഡ് തകർന്നുകിടക്കുന്നു. അതുകാരണം സിഗ്നൽ അനുസരിച്ച് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നില്ല. ഫലമോ വാഹനക്കുരുക്ക്. വെമ്പ്ലായിത്തോട് പാലത്തിലാണ് ഇപ്പോൾ ഏറ്റവും വലിയ വാഹനനിര ഉണ്ടാകുന്നത്. ഞായറാഴ്ചകളിലെ കാര്യം പറയുകയും വേണ്ട. എറണാകുളത്തുനിന്നും ചെറായിയും പറവൂരും സർവ്വീസ് നടത്തുന്ന പല ബസ്സുകളും അവയുടെ അവസാനത്തെ ട്രിപ്പ് ഒഴിവാക്കുകയോ എടവനക്കാടിനു മുൻപ് (എറണാകുളത്ത് നിന്നും വരുന്നവ) അവസാനിപ്പിക്കുകയോ ചെയ്യുന്നു. ഇതെല്ലാം കണ്ടിട്ടും ഒന്നും കാണാത്തപോലെ സ്ഥലം എം എൽ എയും പരിവാരങ്ങളും. പകൽ വെമ്പ്ലായിത്തോട് പാലത്തിൽ രണ്ട് ഹോം ഗാർഡുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സന്ധ്യമുതൽ അതും ഇല്ല.

    ReplyDelete