Showing posts with label Strike. Show all posts
Showing posts with label Strike. Show all posts

Wednesday, 19 October 2016

വൈപ്പിനിലെ ബസ് സമരം

വൈപ്പിൻ - പറവൂർ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് സ്വാകാര്യ ബസ് തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നത്തോടെ അഞ്ചാം ദിവസവും പിന്നിടുകയാണ്. വൈപ്പിനിലെ അതിസാധാരണക്കാരായ ജനങ്ങളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) വലിയൊരു വിഭാഗം എറണാകുളത്തുള്ള സ്വകാര്യസ്ഥാപനങ്ങളിലും കാക്കനാട് സെസ്സിലും വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണ്. മറ്റൊരു വിഭാഗം സ്ത്രീകൾ എറണാകുളത്തും പരിസരത്തുമുള്ള ഫ്ലാറ്റുകളിൽ ഹൗസ് മേയ്ഡ് ആയി പ്രവർത്തിക്കുന്നു. പിന്നീടുള്ളത് ഉന്നത വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ആണ്. ഇത്രയും വിഭാഗങ്ങൾ ആണ് ഈ സമരത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. വൈപ്പിനിൽ അധികവും (ഏതാണ്ട് 70%) സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും ചേർന്ന് ഏതാണ്ട് 200-ൽ അധികം ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാത വഴി ഹൈക്കോടതി ജങ്ഷൻ വരെ സർവ്വീസ് നടത്തുന്നു. രണ്ടു ബസ്സുകൾക്കിടയിലെ ശരാശരി സമയവ്യത്യാസം 3 മിനിറ്റിലും താഴെ ആണ്. അതുതന്നെ വൈപ്പിൻ ജനതയുടെ രാവിലേയും വൈകീട്ടും ഉള്ള യാത്രയ്ക്ക് തികയുകയും ഇല്ല. ഈ സാഹചര്യത്തിലാണ് 160-ഓളം വരുന്ന സ്വകാര്യബസ്സുകൾ കഴിഞ്ഞ അഞ്ചു ദിവസം ആയി നിരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് തൊഴിലിനും പഠനത്തിനും പൊതുഗതാഗത സംവിധാനത്തെ മാത്രം ആശ്രയിക്കുന്നവർക്ക് എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

വൈപ്പിനിലെ രാഷ്ട്രീയ നേതൃത്വം ഈ പ്രശ്നത്തിൽ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. ഇനിയും ഈ അവസ്ഥ തുടരാൻ അനുവദിക്കരുത്. എത്രയും പെട്ടന്ന് ഈ സമരം ഒത്തു തീർപ്പിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അടിയന്തിരമായി എടുക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അതിസാധാരണക്കാരായ വൈപ്പിൻ ജനതയുടെ വിഷമം കണ്ടറിഞ്ഞ് അതിനു പരിഹാരം കാണാൻ ആത്മാർത്ഥമായ, സത്വരമായ നടപടികൾ സ്വീകരിച്ചിരുന്ന മണ്മറഞ്ഞ നേതാക്കളായ സി എം ദേവസ്സിയേയും, മുൻ എം എൽ എ സഖാവ് എം കെ പുരുഷോത്തമനേയും കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ വേർപാട് വൈപ്പിൻ ജനതയ്ക്ക് ഉണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് തിരിച്ചറിയുന്നത് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആണ്. 

(ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത കുറിപ്പും ഇവിടെ വായിക്കാം. വൈപ്പിൻ നിവാസികൾ ഈ വിഷയത്തിൽ കളക്ടറുടെ ഇടപെടൽ ആവശ്യപ്പെടുന്നത് നല്ലതാവും എന്ന അഭിപ്രായം ആണ് എനിക്കുള്ളത്) 

Thursday, 13 October 2016

ഹർത്താലും മനുഷ്യാവകാശവും

ഒരു ഹർത്താൽ കൂടി ഇന്ന് കഴിഞ്ഞു. എന്നത്തേയും പോലെ ഒറ്റപ്പെട്ട ചില അക്രമങ്ങൾ ഇന്നത്തെ ഹർത്താലിലും ഉണ്ടായിട്ടുണ്ട്. പിണറായിയിൽ ഇന്നലെ (12/10/2016) നടന്ന രമിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി ജെ പി ആണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. ഹർത്താലിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും അക്രമങ്ങൾ നടത്തിക്കൊണ്ടും ഹർത്താൽ വിജയിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് ഒരിക്കലും കൂട്ടുനിൽക്കാൻ സാധിക്കില്ല. സമരം ചെയ്യുന്നവർക്ക് സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം സമരത്തിൽ പങ്കെടുക്കാത്തവർക്ക് അതിൽ നിന്നും വിട്ടുനിൽക്കാനും അവകാശമുണ്ട്. ആ അവകാശത്തെ മാനിക്കുക തന്നെ വേണം. പലപ്പോഴും ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന വഴിതടയലും കടയടപ്പിക്കലും നടക്കുന്നത് പോലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ആണ്. അവിടെയെല്ലാം അക്രമം നടത്തുന്നവർക്കൊപ്പം കാഴ്ചക്കാരായി നിൽക്കുകയാണ് പോലീസ് ചെയ്യുന്നത്. ഈ സ്ഥിതി ആദ്യം മാറണം. പോലീസിന്റെ സാന്നിദ്ധ്യത്തിൽ അക്രമങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നോക്കിനിന്ന് സ്വന്തം തടിരക്ഷിക്കുന്ന പോലീസുകാർക്കെതിരെ നിയമനടപടി ഉണ്ടാകും എന്ന അവസ്ഥ വന്നാൽ തീർച്ചയായും പോലീസ് അക്രമികൾക്കെതിരെ നടപടിയെടുക്കും. സാധാരണ ഗതിയിൽ ഇത്തരം അക്രമികൾക്കെതിരെ നിസാരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്ന രീതിയും അവസാനിപ്പിക്കണം. നിയമവിരുദ്ധമായ സംഘം ചേരലും അക്രമവും പോലുള്ള കടുത്ത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണം. കുറ്റക്കാർക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന അവസ്ഥയും ഉണ്ടാകരുത്. അക്രമങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് രാഷ്ട്രീയപ്പാർട്ടികൾ / ഹർത്താൽ നടത്തുന്നവർ ഉത്തരവാദികൾ ആകുന്ന അവസ്ഥ ഉണ്ടാകണം. നഷ്ടപരിഹാരം പാർട്ടികളിൽ നിന്നും ഈടാക്കണം. ചെന്നിത്തല കൊണ്ടുവരാൻ ഉദ്ദേശിച്ച ഹർത്താൽ നിയന്ത്രണ ബില്ലിൽ പറഞ്ഞതുപോലെ ഹർത്താൽ പെട്ടന്നു പ്രഖ്യാപിക്കുന്നതും തടയപ്പെടണം.

ഹർത്താലിന്റെ മറവിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കോടതികളും പല രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചിട്ടുണ്ട്. എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഹർത്താൽ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഹർത്താൽ പൂർണ്ണമായും നിരോധിക്കുന്നതിനു ആരും തയ്യാറാകുന്നില്ല എന്നതു യാഥാർത്ഥ്യമാണ്. എല്ലാ കക്ഷികളും ഹർത്താലിനു ഗതാഗതം തടയുന്നുണ്ട്, കടകൾ അടപ്പിക്കുന്നുണ്ട്, തൊഴിലിടങ്ങൾ തടയുന്നുണ്ട്. ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന അക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ കടുത്ത ശിക്ഷ ലഭിക്കും എന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണം.