വൈപ്പിൻ - പറവൂർ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് സ്വാകാര്യ ബസ് തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നത്തോടെ അഞ്ചാം ദിവസവും പിന്നിടുകയാണ്. വൈപ്പിനിലെ അതിസാധാരണക്കാരായ ജനങ്ങളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) വലിയൊരു വിഭാഗം എറണാകുളത്തുള്ള സ്വകാര്യസ്ഥാപനങ്ങളിലും കാക്കനാട് സെസ്സിലും വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണ്. മറ്റൊരു വിഭാഗം സ്ത്രീകൾ എറണാകുളത്തും പരിസരത്തുമുള്ള ഫ്ലാറ്റുകളിൽ ഹൗസ് മേയ്ഡ് ആയി പ്രവർത്തിക്കുന്നു. പിന്നീടുള്ളത് ഉന്നത വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ആണ്. ഇത്രയും വിഭാഗങ്ങൾ ആണ് ഈ സമരത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. വൈപ്പിനിൽ അധികവും (ഏതാണ്ട് 70%) സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും ചേർന്ന് ഏതാണ്ട് 200-ൽ അധികം ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാത വഴി ഹൈക്കോടതി ജങ്ഷൻ വരെ സർവ്വീസ് നടത്തുന്നു. രണ്ടു ബസ്സുകൾക്കിടയിലെ ശരാശരി സമയവ്യത്യാസം 3 മിനിറ്റിലും താഴെ ആണ്. അതുതന്നെ വൈപ്പിൻ ജനതയുടെ രാവിലേയും വൈകീട്ടും ഉള്ള യാത്രയ്ക്ക് തികയുകയും ഇല്ല. ഈ സാഹചര്യത്തിലാണ് 160-ഓളം വരുന്ന സ്വകാര്യബസ്സുകൾ കഴിഞ്ഞ അഞ്ചു ദിവസം ആയി നിരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് തൊഴിലിനും പഠനത്തിനും പൊതുഗതാഗത സംവിധാനത്തെ മാത്രം ആശ്രയിക്കുന്നവർക്ക് എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.
വൈപ്പിനിലെ രാഷ്ട്രീയ നേതൃത്വം ഈ പ്രശ്നത്തിൽ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. ഇനിയും ഈ അവസ്ഥ തുടരാൻ അനുവദിക്കരുത്. എത്രയും പെട്ടന്ന് ഈ സമരം ഒത്തു തീർപ്പിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അടിയന്തിരമായി എടുക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അതിസാധാരണക്കാരായ വൈപ്പിൻ ജനതയുടെ വിഷമം കണ്ടറിഞ്ഞ് അതിനു പരിഹാരം കാണാൻ ആത്മാർത്ഥമായ, സത്വരമായ നടപടികൾ സ്വീകരിച്ചിരുന്ന മണ്മറഞ്ഞ നേതാക്കളായ സി എം ദേവസ്സിയേയും, മുൻ എം എൽ എ സഖാവ് എം കെ പുരുഷോത്തമനേയും കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ വേർപാട് വൈപ്പിൻ ജനതയ്ക്ക് ഉണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് തിരിച്ചറിയുന്നത് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആണ്.
(ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത കുറിപ്പും ഇവിടെ വായിക്കാം. വൈപ്പിൻ നിവാസികൾ ഈ വിഷയത്തിൽ കളക്ടറുടെ ഇടപെടൽ ആവശ്യപ്പെടുന്നത് നല്ലതാവും എന്ന അഭിപ്രായം ആണ് എനിക്കുള്ളത്)
No comments:
Post a Comment