ഒരു ഹർത്താൽ കൂടി ഇന്ന് കഴിഞ്ഞു. എന്നത്തേയും പോലെ ഒറ്റപ്പെട്ട ചില അക്രമങ്ങൾ ഇന്നത്തെ ഹർത്താലിലും ഉണ്ടായിട്ടുണ്ട്. പിണറായിയിൽ ഇന്നലെ (12/10/2016) നടന്ന രമിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി ജെ പി ആണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. ഹർത്താലിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും അക്രമങ്ങൾ നടത്തിക്കൊണ്ടും ഹർത്താൽ വിജയിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് ഒരിക്കലും കൂട്ടുനിൽക്കാൻ സാധിക്കില്ല. സമരം ചെയ്യുന്നവർക്ക് സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം സമരത്തിൽ പങ്കെടുക്കാത്തവർക്ക് അതിൽ നിന്നും വിട്ടുനിൽക്കാനും അവകാശമുണ്ട്. ആ അവകാശത്തെ മാനിക്കുക തന്നെ വേണം. പലപ്പോഴും ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന വഴിതടയലും കടയടപ്പിക്കലും നടക്കുന്നത് പോലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ആണ്. അവിടെയെല്ലാം അക്രമം നടത്തുന്നവർക്കൊപ്പം കാഴ്ചക്കാരായി നിൽക്കുകയാണ് പോലീസ് ചെയ്യുന്നത്. ഈ സ്ഥിതി ആദ്യം മാറണം. പോലീസിന്റെ സാന്നിദ്ധ്യത്തിൽ അക്രമങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നോക്കിനിന്ന് സ്വന്തം തടിരക്ഷിക്കുന്ന പോലീസുകാർക്കെതിരെ നിയമനടപടി ഉണ്ടാകും എന്ന അവസ്ഥ വന്നാൽ തീർച്ചയായും പോലീസ് അക്രമികൾക്കെതിരെ നടപടിയെടുക്കും. സാധാരണ ഗതിയിൽ ഇത്തരം അക്രമികൾക്കെതിരെ നിസാരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്ന രീതിയും അവസാനിപ്പിക്കണം. നിയമവിരുദ്ധമായ സംഘം ചേരലും അക്രമവും പോലുള്ള കടുത്ത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണം. കുറ്റക്കാർക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന അവസ്ഥയും ഉണ്ടാകരുത്. അക്രമങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് രാഷ്ട്രീയപ്പാർട്ടികൾ / ഹർത്താൽ നടത്തുന്നവർ ഉത്തരവാദികൾ ആകുന്ന അവസ്ഥ ഉണ്ടാകണം. നഷ്ടപരിഹാരം പാർട്ടികളിൽ നിന്നും ഈടാക്കണം. ചെന്നിത്തല കൊണ്ടുവരാൻ ഉദ്ദേശിച്ച ഹർത്താൽ നിയന്ത്രണ ബില്ലിൽ പറഞ്ഞതുപോലെ ഹർത്താൽ പെട്ടന്നു പ്രഖ്യാപിക്കുന്നതും തടയപ്പെടണം.
ഹർത്താലിന്റെ മറവിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കോടതികളും പല രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചിട്ടുണ്ട്. എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഹർത്താൽ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഹർത്താൽ പൂർണ്ണമായും നിരോധിക്കുന്നതിനു ആരും തയ്യാറാകുന്നില്ല എന്നതു യാഥാർത്ഥ്യമാണ്. എല്ലാ കക്ഷികളും ഹർത്താലിനു ഗതാഗതം തടയുന്നുണ്ട്, കടകൾ അടപ്പിക്കുന്നുണ്ട്, തൊഴിലിടങ്ങൾ തടയുന്നുണ്ട്. ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന അക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ കടുത്ത ശിക്ഷ ലഭിക്കും എന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണം.
No comments:
Post a Comment