Monday, 7 November 2016

സിനിമാ പ്രാന്ത്

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പ്ലസ്സിൽ നടന്ന ചില ചർച്ചകൾ കണ്ടു. വിഷയം സിനിമയും ടോറന്റും പറസിയും തന്നെ ആയിരുന്നു. അല്പം വ്യത്യസ്തമായ ഒന്നാണ് ഞാൻ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കാൻ കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി പറവൂരിൽ പ്രഭൂസ് എന്ന തീയറ്ററിൽ പുലിമുരുഗൻ കാണാനുള്ള ജനങ്ങളുടെ ആവേശം ആണ്. എന്റെ വീട്ടിൽ നിന്നും ഏഴോ എട്ടോ കിലോമീറ്റർ അകലെയാണ് പ്രഭൂസ് തീയറ്റർ കഴിഞ്ഞ ഏതാനും ആഴ്ചകളിലെ ഒഴിവു ദിവസങ്ങളിൽ വലിയ തിരക്കാണ്. ഇന്നലെ ഉച്ചയ്ക്ക്  ഞാൻ തീയറ്ററിനു മുന്നിലൂടെ പോകുമ്പോൾ മാറ്റിനി കാണാൻ വലിയ ജനക്കൂട്ടം ഉണ്ട്. തീയറ്ററിന്റെ ഗേറ്റ് തുറന്നിട്ടില്ല. കുറെക്കഴിഞ്ഞ ഞാൻ മടങ്ങിപോകുമ്പോൾ ആ ജനക്കൂട്ടത്തിൽ കുറെ ആളുകൾ ടിക്കറ്റ് കിട്ടാതെ തീയറ്ററിനു വെളിയിൽ നിൽക്കുന്നുണ്ട്. അടുത്ത ഷോയ്ക്ക് ടിക്കറ്റ് കൊടുക്കുമ്പോളെ ഇനി കയറാൻ ഒക്കൂ. അവരെയൊക്കെ ഗെയ്റ്റിനു വെളിയിൽ ആക്കി തീയറ്ററുകാർ ഗേയ്റ്റ് അടച്ചിട്ടുണ്ട്. ഇനി അവർ മണിക്കൂറുകൾ കാത്തു നിൽക്കണം. അടുത്ത  ഷോ തുടങ്ങുന്നതിനു മുൻപ് ഗ്ഗേറ്റ് തുറക്കുമ്പോൾ ഇടിയിട്ട് അകത്തു കടന്ന് വീണ്ടും ക്യു നിന്ന് ടിക്കറ്റ് എടുക്കണം. ആ തവണയും ടിക്കറ്റ് കിട്ടണം എന്നില്ല. എന്റെ ബന്ധുക്കളിൽ ചിലർ തന്നെ കുട്ടികളേയും കൂട്ടി ഇതേ തീയറ്ററിൽ ഇതേ ചിത്രം കാണാൻ നാലു തവണ പോയിട്ടാണ് ടിക്കറ്റ് കിട്ടിയത്. 

എന്തുകൊണ്ടാണ് ആളുകൾക്ക് സിനിമ ഇത്രയും അവശ്യഘടകമായി തോന്നുന്നത്? ഒരു വിനോദോപാധിയായ സിനിമ ജീവിതത്തിൽ ഇത്ര അത്യന്താപേക്ഷിതമാണോ, ഈ ത്യാഗങ്ങൾ സഹിച്ച് കാണാൻ? 

വ്യക്തിപരമായി സിനിമ എന്ന കലയോട് ഈ ഭ്രാന്തമായ ആവേശം പണ്ടെ ഇല്ല. കുട്ടിക്കാലത്ത് അച്ഛനും അമ്മയും സിനിമയ്ക്ക് കൊണ്ടു പോയാലും ഞാൻ തീയറ്ററിൽ അധികം ഇരുന്നിട്ടില്ല. പിന്നെ അല്പം കൂടെ മുതിർന്നപ്പോൾ അവർ പോകുമ്പോൾ വിളിച്ചാലും പോകില്ല. ഞാനും അനിയനു വീട്ടിൽ ഇരുന്നു കളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. കോളേജ് കാലഘട്ടത്തിൽ ഒരിക്കൽ ഏതോ സിനിമയ്ക്ക് പോയി ഇതേപൊലെ തിരക്കും ബഹളവും കഴിഞ്ഞ ടിക്കറ്റ് കിട്ടാതെ തിരിച്ചു പോന്നു. പിന്നെ ആകെ ഒരിക്കൽ മാത്രമാണ് കോളേജ് പഠനകാലത്ത് സിനിമ കാണാൻ തീയറ്ററിൽ പോയത്. അതും പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞ സമയത്ത് രൂപ് കി റാണി ചോരോം കാ രാജ ആണ് ആ സിനിമ എന്നാണ് ഓർമ്മ. പിന്നീട് പഠനകാലത്ത് സിനിമ കണ്ടിട്ടുണ്ടെങ്കിൽ അത് വിനോദയാത്ര പോകുന്ന അവസരത്തിൽ ഒരിക്കൽ ആവണം. 

സിനിമകൾ ഏറ്റവും കൂടുതൽ കണ്ടകാലഘട്ടം പഠനം കഴിഞ്ഞ 'അപ്രന്റീസായി' ജോലി ചെയ്യുന്ന സമയത്താണ്. അതിൽ അധികവും എറണാകുളം ശ്രീധർ തീയറ്ററിൽ ആണ്. പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷവും. ഞാൻ ഏറ്റവും അധികം സിനിമകൾ കണ്ട നഗരം തിരുവനന്തപുരം ആയിരിക്കണം. ജോലിയ്ക്കായി തിരുവനന്തപുരത്ത് വന്നാൽ വൈകീട്ട് 6 മണിയ്ക്കെങ്കിലും മടങ്ങാൻ സാധിച്ചില്ലെങ്കിൽ പിന്നെ എറണാകുളത്ത് എത്തിയാൽ വീട് എത്താൻ പറ്റില്ല. പിറ്റേന്ന് നേരം പുലരും വരെ എറണാകുളം ബസ് സ്റ്റാന്റിൽ കൊതുകടി കൊണ്ട് കഴിച്ചു കൂട്ടണം. ഇതൊഴിവാക്കാനുള്ള മാർഗ്ഗം സെക്കന്റ് ഷോ കഴിഞ്ഞ് തിരുവനന്തപുരത്തു നിന്നും ബസ് പിടിക്കുക എന്നതാണ്. അതിനായി തമ്പാനൂർ കെ എസ് ആർ ടി സി സ്റ്റാന്റിനു സമീപമുള്ള തീയറ്ററുകളിൽ ഏതെല്ലാം സിനിമ ആണെന്നു നോക്കി ഇഷ്ടം തോന്നുന്ന ഒരെണ്ണത്തിനു ടിക്കറ്റ് റിസർവ് ചെയ്യും. അങ്ങനെ റിസർവ് ചെയ്യാൻ സാധിക്കുന്ന തീയറ്ററുകളിൽ മാത്രമേ സിനിമയ്ക്ക് പോകാറുള്ളു.

പറഞ്ഞു വന്നത് സിനിമ എന്നത് കഷ്ടതകൾ സഹിച്ച് കാണേണ്ട ഒരു സംഗതിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു ഉപഭോകതാവ് എന്ന നിലയിൽ ഒരാൾ ഏറ്റവും അപമാനിക്കപ്പെടുന്ന സ്ഥലം സിനിമാ തീയറ്റർ ആണെന്നാണ് എന്റെ അനുഭവം. മറ്റു പല സ്ഥലങ്ങളിലും ഉപഭോക്താക്കൾ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും എല്ലാം ചെയ്യുന്നുണ്ട്. പക്ഷെ അവിടെ പലയിടത്തും ആവശ്യം നമ്മുടേതാകയാൽ ക്ഷമിക്കുന്നു. സിനിമ കണ്ടില്ല എന്നതു കൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. എന്നിട്ടും എന്താണ് ഇത്രയും കഷ്ടതകൾ സഹിച്ച് സിനിമകാണാൻ ഒരാളെ പ്രേരിപ്പിക്കുന്ന ഘടകം? സിനിമാപ്രാന്തന്മാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.

2 comments:

  1. എപ്പോഴും ഒരേ മനോഭാവത്തോടെ അല്ല സിനിമ കാണാൻ പോകാറുള്ളത്.ഒരിക്കലും ഇടിച്ചു കയറി തിക്കിലും തിരക്കിലും പോകാറില്ല.വെറുതെ കുട്ടികൾക്ക് ഒരു ഔട്ടിങ് എന്ന നിലയിൽ പോകാറുണ്ട്.ചില സിനിമകൾ വീട്ടുകാർക്ക് കൂട്ടായി തല വെയ്ക്കും.പലപ്പൊഴും കണ്ടിറങ്ങി കഴിയുമ്പോൾ കാശും പോയി സമയവും പോയി എന്ന് നിരാശയുണ്ടാക്കാറുണ്ട് ഇനഗ്നെയുള്ള പോകലുകൾ.
    സ്ട്രീമിൽ പലരും പരാമര്ശിക്കുന്നതോ റിവിയു ചെയ്യുന്നതോ ഒക്കെ ഒറ്റയ്ക്ക് കാണും.ഡൗൺ ലോഡിയോ ,സാങ്കേതിക തികവുള്ള തിയറ്ററുകളിലോ പോയി,ഇത്തരം സിനിമകൾ അവരവർക്ക്‌ വേണ്ടി കാണും,മിക്ക സിനിമയും കണ്ടു കഴിഞ്ഞാൽ പിന്തുടരാറുമുണ്ട്.അത് കാണുന്നവരെ കണ്ടിഷൻ ചെയ്യാറുമുണ്ട്,ചില പുസ്തകങ്ങളെ പോലെ.....

    ReplyDelete
    Replies
    1. വളരെ നന്ദി ഈ കമന്റിനു. സത്യത്തിൽ എന്റെ ഈ ബ്ലോഗിലെ ആദ്യത്തെ കമന്റു ആണിത്. അതിനു സ്പെഷ്യൽ താങ്കസ് :)

      എന്റെ കാര്യവും അങ്ങനെ തന്നെ. ജോദ്ദാ അക്ബർ എന്ന ചിത്രം തീയറ്ററിൽ കണ്ടതിനു ശേഷം പിന്നെ തീയറ്ററിൽ കാണുന്ന ചിത്രം മഞ്ചുവാര്യരുടെ ഹൗ ഓൾഡ് ആർ യു ആണ്. അത് മുകളിൽ പറഞ്ഞതു പോലെ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം. പിന്നെ ഇപ്പോൾ ആറുവയസ്സുകാരൻ മകനെ സമാധാനിപ്പിക്കാനായി പലപ്പോഴായി തീയറ്ററിൽ പോയി സിനിമ കാണുന്നു. റിവ്യൂകൾ ശ്രദ്ധിക്കാറുണ്ട്. ചില സുഹൃത്തുക്കൾ കാണണം എന്ന് നിർദ്ദേശിക്കുന്ന ചിത്രങ്ങൾ ഡി വി ഡീ ഇറങ്ങുമ്പോൾ കാണും. ഡി വി ഡി ഇറങ്ങാത്തതു കൊണ്ട് കാണാൻ പറ്റാതെ പോയ ചിത്രങ്ങളും ഉണ്ട്.

      Delete