Thursday 4 January 2018

ബസ്സുകളിലെ വാതിലുകൾ




ഇന്നത്തെ മനോരമയിൽ നിന്നുള്ള വാർത്ത. കൊച്ചിയിൽ ഇത്തരം വാർത്തകൾ ഇതിനു മുൻപും ധാരാളം കേട്ടിട്ടുണ്ട്. വാതിൽ ഇല്ലാത്ത ബസ്സിൽ നിന്നും തെറിച്ചു വീണ് ആളുകൾ മരിക്കുന്നത് സംബന്ധിച്ച്. ഇവിടെ അത് ഗർഭിണി ആയിപ്പോയി. അവർ മരിക്കുകയും അവരുടെ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുകയും ചെയ്തു. തീർത്തും സങ്കടകരം തന്നെയാണ് ഇത്തരത്തിലുള്ള ഓരോ മരണവും.

പല സുഹൃത്തുക്കളും ആ സ്ത്രീയ്ക്ക് സീറ്റ് ലഭിക്കാഞ്ഞതുകൊണ്ടാണ് അപകടം എന്ന് പറയുന്നത് കണ്ടു. സീറ്റ് ലഭിച്ചിരുന്നു എങ്കിൽ അവർ അപകടത്തിൽ പെടില്ലായിരുന്നു. മറ്റാർക്കെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. ഇവിടെ വിഷയം ഡോർ ഉണ്ടായിട്ടും അത് തുടന്നിട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നതാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു ബസ്സുകളിൽ ഡ്രൈവർ പ്രവർത്തിപ്പിക്കുന്ന ന്യുമാറ്റിക് ഡോറുകൾ വേണമെന്ന ആവശ്യത്തിനു സർക്കാരുകൾ മുഖം തിരിക്കുന്നതാണ് ഇവിടെ പ്രധാനപ്രശ്നം. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് സർക്കാർ ആണെന്ന് ഞാൻ പറയും. കൃത്യമായി പറഞ്ഞാൽ ഉമ്മൻ ചാണ്ടി സർക്കാർ. പിന്നെ ഇപ്പോഴത്തെ വിജയൻ സർക്കാരും എറണാകുളം ആർ ടി എ കൊച്ചിയിൽ ഇത്തരം അപകടങ്ങൾ വർദ്ധിച്ചപ്പോൾ എല്ലാ ബസ്സുകൾക്കും വാതിൽ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെ ബസ്സുടമകൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയെ സമീപിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി എറണാകുളം ആർ ടി എ യുടെ ഈ തീരുമാനം സ്റ്റേ ചെയ്തു. നിയമം അങ്ങനെ പറയുന്നില്ല അത്രെ. അതിനെതിരെ എറണാകുളം ആർ ടി എ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി എങ്കിലും അന്നത്തെ സർക്കാർ അനുവദിച്ചില്ല. നിയമം ഇല്ലാത്തതിനാൽ ഹൈക്കോടതിയിൽ പോയിട്ടും കാര്യമില്ല എന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ വർഷം ആറുകഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ കരുതി നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറല്ല. എല്ലാ ബസ്സുകൾക്കും ഡ്രൈവർ ഓപ്പറേറ്റഡ് ന്യുമാറ്റിക് ഡോർ സ്ഥാപിക്കണം എന്നതാണ് എറണാകുളം ആർ ടി എയുടെ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ ഈ കേസ് നിലവിൽ പെന്റിങ്ങാണ്. അതിലും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു.

സീറ്റു സംവരണം എന്നത് ഈ വിഷയത്തിൽ പരിഹാരമേ അല്ല. എളുപ്പം ഇങ്ങനെ ഓരോ സീറ്റ് സംവരണം നൽകി ആളുകളെ സുഖിപ്പിക്കലാണല്ലൊ. നിലവിൽ 60% അധികം സംവരണം ഉണ്ട് ബസ്സിലെ സീറ്റുകൾക്ക്. ആകെ സംവരണം 50% കൂടുതൽ ആവരുതെന്ന നിർദ്ദേശം ബസ്സിലെ സീറ്റുകളുടെ കാര്യത്തിൽ ബാധകമല്ലെന്ന് തോന്നുന്നു. തോന്നിയ പടി എല്ലാവർക്കും സംവരണം ചെയ്തുകൊടുത്താൽ മതിയല്ലൊ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള സീറ്റ് ആദ്യം 5% സ്ത്രീകൾക്കും 5% പുരുഷന്മാർക്കും എന്നാക്കി. പിന്നെ അത് 10% വീതമാക്കി (G. O. (P)No.11/2013/Tran Dated 13/02/2013) . അതുപോലെ ഭിന്നശേഷിക്കാർക്ക് 2.5% സ്ത്രീ, 2.5% പുരുഷൻ (G. O.(P)No.5/2012/Tran Dated 02/02/2012). അമ്മയും കുഞ്ഞും ഒരു സീറ്റ്. ഇപ്പോൾ ദാ ഗർഭിണിയ്ക്കും 1 സീറ്റ് ഉണ്ടത്രേ. ജനറൽ സീറ്റുകൾ ഇത്ര ശതമാനം വേണം എന്ന് നിയമം നിഷ്കർഷിക്കുന്നുണ്ടോ ആവോ? പല സ്വകാര്യബസ്സുകളിലും സംവരണസീറ്റുകൾ കഴിഞ്ഞാൽ ആകെ നാലു അല്ലെങ്കിൽ ആറ് സീറ്റാണ് ബാക്കി പൊതുവിഭാഗത്തിനായി അവശേഷിക്കുക. പെർമിറ്റിൽ പറയുന്ന അത്രയും സീറ്റുകൾ ഇല്ലെങ്കിൽ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാവാറും ഇല്ല. പൊതുസീറ്റുകൾ കുറവുള്ള പല ബസ്സുകളെക്കുറിച്ചു ഞാൻ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട്. എന്നിട്ടും നടപടി ഉണ്ടായി കണ്ടില്ല.

No comments:

Post a Comment