Thursday, 1 February 2018

അശാന്തത പടർത്തുന്നവർ

എറണാകുളത്ത് കഴിഞ്ഞ ദിവസം അന്തരിച്ച അശാന്തൻ (മഹേഷ്) എന്ന ചിത്രകാരന്റെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ പല നിറങ്ങളിൽ ചർച്ചയാവുകയാണല്ലൊ. ഇതുമായി ബന്ധപ്പെട്ട് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ, പത്രവാർത്തകളെ അടിസ്ഥാനമാക്കി ( http://bit.ly/2E5VXyh ) പങ്കുവെയ്ക്കുന്നു. അശാന്തന്റെ ഭൗതികശരീരം പൊതുദർശനത്തിനു ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ വെയ്ക്കുന്നതിനുള്ള തീരുമാനം അറിഞ്ഞ് ശിവക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദും കോർപ്പറേഷനിലെ കോൺഗ്രസ്സ് കൗൺസിലർ കൃഷ്ണകുമാറും ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്നിയം ചന്ദ്രനെ കണ്ട് ക്ഷേത്രനട അടച്ചിട്ടില്ലാത്തതിനാൽ പൊതുദർശനം മാറ്റിവെയ്ക്കണം എന്നു ആവശ്യപ്പെടുന്നതിൽ നിന്നാണ് തർക്കങ്ങൾ തുടങ്ങുന്നത്. അതിനുശേഷം കുറച്ചാളുകൾ വന്ന് പൊതുദർശനത്തിനായി തയ്യാറാക്കിയ വേദി അലങ്കോലപ്പെടുത്തുകയും അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു. ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ നിന്നും 50 മീറ്റർ മാത്രം അകലത്തിലുള്ള ക്ഷേത്രത്തിന്റെ കവാടത്തിനു നേരെ മുന്നിലായി മൃതദേഹം പ്രദർശനത്തിനു കൊണ്ടുപോകാൻ സാധിക്കില്ല എന്നതായിരുന്നു അവരുടെ ആവശ്യം. ഈ ബഹളങ്ങൾ തുടർന്നപ്പോൾ ലളിതകലാ അക്കാദമി സെക്രട്ടറി പോലീസിനെ വിളിച്ചു വരുത്തുകയും തുടർന്ന് നടന്ന ചർച്ചകളിൽ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മറ്റൊരു കവാടത്തിലൂടെ മൃതദേഹം അകത്തു കൊണ്ടുവന്ന് പൊതുദർശനത്തിനു വെയ്ക്കാം എന്ന ഒത്തുതീർപ്പിൽ പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്തു.

അതിനുശേഷം ചില ഓൺലൈൻ പോർട്ടലുകളിൽ ഈ വാർത്തവന്നത് (http://bit.ly/2rX5y5D) ദളിതനായ അശാന്തന്റെ മൃതദേഹം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് തടഞ്ഞു എന്നാണ്. വായിക്കുന്നവർക്ക് തോന്നുക ദളിതർ അല്ലാത്തവരുടെ മൃതദേഹം അവിടെ പൊതുദർശനത്തിനു പതിവായി വെയ്ക്കാറുണ്ട് എന്നാവും. ഇതുസംബന്ധിച്ച ഡൂൾ ന്യൂസിൽ വന്ന വാർത്തയിൽ ആരോ ഈ രംഗങ്ങൾ ചിത്രീകരിച്ചത് പൂർണ്ണമായും ഉണ്ട്. അതിൽ തർക്കങ്ങൾക്കിടയിൽ കേൾക്കാൻ സാധിക്കുന്ന ഒരു കാര്യം ഉണ്ട്. ആറു കൊല്ലം മുൻപ് ഇതുപോലെ ഒരു സംഭവം ഉണ്ടായതാണെന്നും അതിനു ശേഷം പിന്നെ ഇപ്പോഴാണ് സംഭവിക്കുന്നത് എന്നും. ആറുകൊല്ലം മുൻപും തർക്കമുണ്ടായി. ഇനി ഇങ്ങനെ ഉണ്ടാകില്ല എന്ന ഒത്തുതീർപ്പ് അക്കാദമിയും ക്ഷേത്രം ഭരണസമിതിയും തമ്മിൽ ഉണ്ടായിരുന്നതാണ്. അതാണ് ലംഘിച്ചത്. 1989 വരെ പുരാവസ്തു വകുപ്പിന്റെ കീഴിൽ "പരീക്ഷിത് തമ്പുരാൻ മ്യൂസിയം" (http://bit.ly/2DTUYxZ) എന്ന പേരിൽ ആണ് ഇന്നത്തെ ഈ ആർട് ഗ്യാലറി അറിയപ്പെട്ടിരുന്നത്. 1989-ൽ ഒന്നാമത്തെ നില മാത്രം ലളിതകലാ അക്കാദമിയ്ക്ക് നൽകുകയും 1991-ൽ മുകളിലത്തെ നിലയിൽ ആർട്ട് ഗ്യാലറി തുടങ്ങുകയും പിന്നീട് 1992-ൽ പൂർണ്ണമായും അക്കാദമിയ്ക്ക് കൈമാറുകയുമാണ് ചെയ്തത്. അതിനു മുൻപ് പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഓഫീസായും, എൻ സി സി ഓഫീസായും എല്ലാം ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. അതിനും മുൻപ് രാജഭരണകാലത്ത് കൊച്ചി രാജാവിന്റെ അതിഥിമന്ദിരവും ദർബാറും ആയിരുന്നു.


(അശാന്തന്റെ മൃതദേഹം എറണാകുളം ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് സംബന്ധിച്ച തർക്കം ഡൂൾ ന്യൂസ് എന്ന ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ചതും ഈ തർക്കത്തെ കുറിച്ച് ദി ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ടും മുകളിലെ വീഡിയോവിൽ കാണാം)

ഇവിടെ തർക്കം ക്ഷേത്രപരിസരത്തുള്ള, ഒരിക്കൽ ക്ഷേത്രഭൂമിയായിരുന്ന സ്ഥലത്ത് ക്ഷേത്രം തുറന്നിരിക്കുന്ന അവസരത്തിൽ ക്ഷേത്രകവാടത്തിനു അൻപതു മീറ്റർ മുൻപിൽ ഒരു മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതു സംബ്നധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലാണ്. അതിൽ ഒരിക്കലും പരാമർശന വിഷയമാകാത്ത ദളിത് എന്ന ഇഷ്യു കുത്തിത്തിരുകി പ്രശ്നങ്ങൾ സൃഷിക്കുവാൻ ഒരു കൂട്ടർ മനഃപൂർവ്വം ശ്രമം നടത്തുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ ആരുടെ മൃതദേഹം പൊതുദർശനത്തിനു വെച്ചാലും നാളെ ഇതേ തർക്കം ഉണ്ടാകും. ആറു വർഷം മുൻപ് തർക്കമുണ്ടായത് ആരുടെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണെന്നത് എനിക്കറിയില്ല. മുൻ മന്ത്രി ആയിരുന്ന ടി കെ രാമകൃഷ്ണന്റെ മൃതദേഹം ഇവിടെ പൊതുദർശനത്തിനു വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കേട്ടു. ടിക കെ രാമകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചത് തൃപ്പൂണിത്തുറയിൽ ലായം ഗ്രൗണ്ടിൽ ആണെന്നാണ് വാർത്തകളിൽ (http://bit.ly/2ny4D6o) നിന്നും മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുടെ 02/02/2018-ൽ വന്ന ഫേസ്ബുക്ക് പോസ്റ്റിൽ (http://bit.ly/2DYEQ1W) ഇതിനു മുൻപ് പ്രശസ്ത ചലച്ചിത്രസംവിധായകൻ ശശികുമാർ മരിച്ചപ്പോൾ (http://bit.ly/2E8XovG) അദ്ദേഹത്തിന്റെ മൃതദേഹം ദർബാർ ഹാൾ ഗ്രൗണ്ടിലെ ഓപ്പൺ സ്റ്റേജിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് സംബന്ധിച്ചും തർക്കം ഉണ്ടായതായും അത് എന്ന് ജില്ലാകളക്ടർ ആയിരുന്നു ഷേക്ക് പരീത് ഇടപെട്ട് ഒത്തുതീർപ്പാക്കിയതായും പറയുന്നുണ്ട്. അതായത് ദ്രബാർ ഹാൾ ആർട് ഗ്യാലറിയിൽ ഇതിനു മുൻപ് ആരുടേയും ഭൗതികശരീരം പൊതുദർശനത്തിനു വെച്ചിട്ടില്ല എന്നുതന്നെ. 

ഇനി ഉള്ള ഒരു ചോദ്യം സർക്കാർ ഉടമസ്ഥതയിൽ ഉള്ള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സ്ഥാപനത്തിന്റെ മുൻപിൽ രണ്ടു തവണ പുരസ്കാരം നൽകി സർക്കാർ ആദരിച്ച ഒരു വ്യക്തിയുടെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കരുതെന്ന് പറയാനുള്ള അവകാശം ആർക്കെങ്കിലും ഉണ്ടോ എന്നതാണ്. അത്തരം തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടുക തന്നെ വേണം. ഇവിടെ ക്ഷേത്രത്തിനു നേരെ മുൻപിൽ വരാത്തരീതിയിൽ മറ്റൊരു കവാടത്തിലൂടെ ഇതേ ആർട് ഗ്യാലറിയുടെ മറ്റൊരു ഭാഗത്ത് പൊതുദർശനം നടത്തുന്നതു സംബന്ധിച്ച് രമ്യമായ തീരുമാനം ഉണ്ടായി എന്നത് ശുഭകരമായി കാണുന്നു. ഇനി അതല്ല ക്ഷേത്രകവാടത്തിനു നേരെ മുൻപിൽ തന്നെ പന്തലിട്ട് അവിടത്തന്നെ ഇനിയും ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കാനാണ് ലളിതകലാ അക്കാദമിയുടെ തീരുമാനം എങ്കിൽ ആ രീതിയിൽ അവർ മുന്നോട്ട് പോകണം. അതിൽ എതിർപ്പുള്ളവർ കോടതിയേയോ പോലീസിനേയോ സമീപിക്കണം. അതൊക്കെ നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെ, ഒപ്പം ഇത്തരം വിഷയങ്ങളിൽ ഇല്ലാത്ത ദളിത് നിറം നൽകി ഇതിൽ നിന്നും മുതലെടുപ്പിനു ശ്രമിക്കുന്നവരേയും തിരിച്ചറിയണം.

Thursday, 18 January 2018

യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അണിചേരാം

സി പി എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളത്ത് നടന്ന പ്രകടനങ്ങളുടേയും ആ പ്രകടനങ്ങളും സമ്മേളനവും സുഗമമായി നടക്കുന്നതിനു കൊച്ചി സിറ്റി പോലീസ് സ്വീകരിച്ച ഗതാഗതക്രമീകരണങ്ങളുടേയും ഫലമായുണ്ടായ കടുത്ത ഗതാഗതക്കുരുക്കിൽ നിന്നും ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുന്ന ഈ പാതിരാത്രിയിലും ജനങ്ങൾ പൂർണ്ണമായും മോചിതരായിട്ടില്ല. പൊതു നിരത്തുകളിൽ പ്രകടനങ്ങളും എറണാകുളം നഗരത്തിൽ പൊതുസമ്മേളനങ്ങളും നടത്തുന്നതിനു ബഹുമാനപ്പെട്ട സുപ്രീംകോടതിയും ബഹുമാനപ്പെട്ട കേരളഹൈക്കോടതിയും നൽകിയ നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനം ആയിരുന്നു സി പി എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് എറണാകുളം നഗരത്തിൽ ഇന്നു നടന്ന പ്രകടനങ്ങളും ആ പ്രകടനങ്ങൾക്കായി കൊച്ചി സിറ്റി പോലീസ് നടത്തിയ ഗതാഗതക്രമീകരണവും. ഇതിന്റെ ദുരിതഫലം ഏറ്റവും കൂടുതലായി അനുഭവിച്ച ഒരു വിഭാഗം ആളുകൾ വൈപ്പിൻ ജനതയാണ്. വൈപ്പിനിൽ നിന്നും എറണാകുളം ഹൈക്കോടതി ജങ്ഷനിൽ സർവ്വീസ് അവസാനിപ്പിക്കാൻ അനുവാദമുള്ള ബസ്സുകൾ രണ്ടു കിലോമീറ്റർ മുൻപ് ബോൾഗാട്ടിയിൽ വെച്ച് സർവ്വീസ് അവസാനിപ്പിക്കണം എന്നായിരുന്നു പോലീസ് നിർദ്ദേശം. അതിന്റെ ഫലമായി വൈപ്പിൻ നിവാസികൾക്ക് ഹൈക്കോടതി ജങ്ഷനിൽ നിന്നും ബോൾഗാട്ടി വരെ നടക്കേണ്ടി വന്നു ചിലർക്കാകട്ടെ അത് കച്ചേരിപ്പടിയിൽ നിന്നും ബോൾഗാട്ടി വരെ ആയിരുന്നു. എറണാകുളത്തിന്റെ പ്രധാന റോഡുകളിൽ ഒന്നായ എം ജി റോഡിൽ മെട്രോ നിർമ്മാണങ്ങൾ നടക്കുന്നതിനാൽ നിലവിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ട്. അതിനു സമാന്തരമായ പാർക്ക് അവന്യുവിലൂടേയും ഷണ്മുഖം റോഡിലൂടേയും പോകേണ്ട വാഹനങ്ങൾ കൂടി എം ജി റോഡിലേയ്ക്കും ഇടറോഡുകളിലേയ്ക്കും തിരിച്ചു വിട്ടതോടെ നഗത്തിലെ ഗതാഗതക്കുരുക്ക് അതിന്റെ പാരമ്യത്തിൽ എത്തി

ജാഥകളെ തുടർന്ന് ഗതാഗതക്കുരുക്കിൽ
ആയ പാർക്ക് അവന്യു, ഷണ്മുഖം റോഡ്,
എബ്രാഹം മടമാക്കൽ റോഡ്, ചത്യാത്ത് റോഡ്
ഗോശ്രീപാലം1, കണ്ടെയ്നർ റോഡ്

രണ്ട് ജാഥകൾ ആണ് സി പി എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്നത്. ഒന്ന് ചത്യാത്ത് റോഡ് ആരംഭിക്കുന്ന ഒന്നാം ഗോശ്രീ പാലത്തിന്റെ ജങ്ഷനിൽ നിന്നും അബ്രാഹം മാടമാക്കൽ റോഡ് ഹൈക്കോടതി ജങ്ഷൻ വഴി മറൈൻ ഡ്രൈവിൽ സമാപിച്ചതും. രണ്ടാമത്തേത് രാജേന്ദ്രമൈതാനിയിൽ നിന്നും ആരംഭിച്ച് മറൈൻ ഡ്രൈവിൽ അവസാനിച്ചതും. എബ്രഹം മാടമാക്കൽ റോഡ് വഴിയുള്ള ജാഥ ഉപേക്ഷിച്ച് രാജേന്ദ്രമൈതാനിയിൽ നിന്നും ആരംഭിക്കുന്ന ഒരു ജാഥ ഷണ്മുഖം റോഡിന്റെ പടിഞ്ഞാറുഭാഗം മാത്രം ഉപയോഗപ്പെടുത്തി മറൈൻഡ്രൈവിലെ സമ്മേളനവേദിയിൽ എത്തുന്ന വിധമായിരുന്നു ക്രമീകരണം എങ്കിൽ ഇത്രയും ആളുകൾക്ക് (ചുരുങ്ങിയ പക്ഷം വൈപ്പിൻ നിവാസികൾക്ക് എങ്കിലും) അധികം ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. 

ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്
കൊച്ചി സിറ്റിപോലീസിന്റെ പത്രക്കുറിപ്പ്
ഷണ്മുഖം റോഡിന്റെ കിഴക്കു ഭാഗം ഒരു ഡയറക്ഷനിൽ (towards south) സാധാരണപോലെ ഗതാഗതത്തിനും ഉപയോഗിക്കാമായിരുന്നു. അങ്ങനെ വരുമ്പോൾ സൗത്തിൽ നിന്നും മേനക വഴി വരേണ്ടുന്ന വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിച്ചുവിട്ടാൽ മാത്രം മതിയാകുമായിരുന്നു. വൈപ്പിൻ നിവാസികൾക്ക് കച്ചേരിപ്പടിയിൽ നിന്നും ഹൈക്കോടതി വരെ നടന്നാൽ മതിയായിരുന്നു. കലൂർ ഭാഗത്തുനിന്നും മേനക വഴി സൗത്തിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെടാത്തതിനാൽ ആ വഴി വരുന്നവർക്ക് നേരെ ഹൈക്കോടതി ജങ്ഷനിൽ ഇറങ്ങുകയും ചെയ്യാം. അതുപോലെ കണ്ടെയ്നർ റോഡ്, ഗോശ്രീ പാലങ്ങൾ വഴി വരുന്ന വാഹനങ്ങൾക്ക് ഹൈക്കോടതി ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാധവ ഫാർമസി ജങ്ഷനിൽ എത്തി എം ജി റോഡിലേയ്ക്കും സൗത്തിലേയ്ക്കും പോകാൻ സാധിക്കുമായിരുന്നു. അങ്ങനെ ഒന്നുമല്ലാതെ ഗോശ്രീ റോഡിൽ നിന്നുള്ള സ്വകാര്യബസ്സുകൾ ബോൾഗാട്ടി വരെ വന്നാൽ മതിയെന്നും അബ്രാഹം മാടമാക്കൽ റോഡ് വഴി ഗതാഗതം തടയാനും ഉള്ള കൊച്ചി പോലീസിന്റെ നിലപാടാണ് വൈപ്പിൻ നിവാസികളുടെ ഈ ദുരിതത്തിനുള്ള ഒരു കാരണം റോഡിലൂടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രകടനങ്ങൾക്ക് അനുമതി നൽകരുതെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ട് (Dejo Kappen vs State of Kerala, W.P(C) No.32429 of2011). കേരള ഹൈക്കോടതി ഉത്തരവിൽ നിന്നും
11. So far as Section 5(1)(d) is concerned, we have already stated that right to take out procession on public roads is covered by Full Bench decision of this court confirmed by the Honourable Supreme Court wherein the finding is that procession should be permitted on one side of the road by allowing free flow of traffic on the other side. However, we wish wisdom should prevail upon the enlightened political and religious leaders and they should not risk the life of the public by leading them in procession on the road along with dangerous traffic. We wish atleast this time the State will notice the "Lakshman Rekha" contained in Article 13(2) so that they don't repeat another legislative misadventure in this direction.
500 ആളുകളിൽ കൂടുതൽ പങ്കെടുക്കുന്ന പ്രകടനങ്ങൾ എറണാകുളം നഗരത്തിൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് INSTITUTE OF SOCIAL WELFARE സമർപ്പിച്ച ഹർജിയിൽ 22/06/2010-ൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ (WP(C).No. 2636 of 2010(S)) ഷണ്മുഖം റോഡുൾപ്പടെയുള്ളവയിലെ ഗതാഗതം തടസ്സപ്പെടാതെ നോക്കണം എന്നും കോടതി പറയുന്നുണ്ട്. കേരളഹൈക്കോടതി ഉത്തരവിൽ നിന്നും
We are in complete agreement with the view expressed by Police Commissioner that if people in excess of the capacity of the ground where they assemble are allowed entry in the City, the same will lead to complete confusion and blockade of roads. We therefore feel one another condition is required to be added to Ext.P1 judgment, that is, the applicant who seeks permission to hold meeting or procession should state the approximate anticipated number of persons participating the meeting or procession and the ground or place where they are going to assemble. 
The Police Commissioner or Superintendent of Police, or the Police Officer concerned, should assess the capacity for comfortable entry and seating of people in such ground and permission to hold procession or meeting should be issued only to so much of the number of persons and police will ensure that entry to the City is limited to such number of persons. In fact at entry levels in the City, police can provide checking of vehicles so that unnecessary vehicles can be prevented. The above shall be in addition to the directions contained in Ext.P1 judgment which shall be followed by respondents 1 to 3.
ഈ നിർദ്ദേശങ്ങൾ എല്ലാം ഇന്ന് ലംഘിക്കപ്പെട്ടു.



രാത്രിയിലും നിശ്ചലമായ എറണാകുളത്തെ ഗതാഗതം ആണ് മുകളിലെ വീഡിയോവിൽ. (കടപ്പാട് വീഡിയോ അയച്ചു തന്ന സുഹൃത്തിനു) ഇനിയും ഇത്തരം അനുഭവങ്ങൾ ഇല്ലാതാവണമെങ്കിൽ കോടതി തന്നെ ശരണം. ഇന്നത്തെ ദുരനുഭവങ്ങൾ കോടതിയെ അറിയിക്കു. ഈ വിഷയത്തിൽ രണ്ട് അപേക്ഷകൾ ഇ-മെയിൽ (hckerala@nic.in) മുഖാന്തരം ഞാൻ അയച്ചിരുന്നു. ഊമക്കത്തുകൾ പോലും ഫയലിൽ സ്വീകരിച്ച് നടപടികൾ സ്വീകരിച്ച ചരിത്രം കേരള ഹൈക്കോടതിയ്ക്ക് ഉണ്ട്. ഇമെയിലും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. വൈപ്പിനിലെ അഭിഭാഷകർ ആരെങ്കിലും ഉണ്ട് എങ്കിൽ ഉത്തരവുകളുടെ ലംഘനം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരൂ. 

സമ്മേളനം കഴിഞ്ഞിട്ടും രാത്രി 11 മണി
സമയത്തും ഗോശ്രീപാലത്തിലെ ഗതാഗതക്കുരുക്ക്

മൂന്നും നാലും മണിക്കൂർ ഗതാഗതക്കുരുക്കിൽ പെട്ടാണ് പലരും ഇന്ന് വീടണഞ്ഞത്. ഇതെഴുന്ന അവസരത്തിൽ രാത്രി 11 മണി സമയത്തും ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്ക് മുകളിലെ ഗൂഗിൾ മാപ്പിൽ കാണാം.  ഒരുമിച്ചു ശ്രമിച്ചാൽ ഇത്തരം ദുരനുഭവങ്ങൾ ഇനിയും ഉണ്ടാകാതെ നോക്കാം. ഒത്തൊരുമിച്ച സമരത്തിലൂടെ പലതും നേടിയവരാണ് നമ്മൾ. ഇതും നിയമപരമായി നീങ്ങിയാൽ നേടിയെടുക്കാവുന്നതേയുള്ളു. പരമാവധി ഷെയർ ചെയ്യുക. ഇനിയും ഇത്തരം നിയമലംഘനങ്ങളിൽ നിന്നും രക്ഷനേടാൻ നമുക്ക് ഒരുമിച്ചു നീങ്ങാം.

കൂട്ടിച്ചേർക്കൽ 1 (19/01/2018 മാതൃഭൂമി റിപ്പോർട്ട്)

ഇന്നലെ നടന്ന സമ്മേളനത്തിനു വേണ്ടി പോലീസ് നടത്തിയ ഗതഗതക്രമീകരണം എറണാകുളത്ത് ഉണ്ടാക്കിയ ഗതാഗതക്കുരുക്കിനെ കുറിച്ചും ആ കുരുക്കിൽ അകപ്പട്ടെ ഗർഭിണിയായ സ്ത്രീയുടെ ദുരവസ്ഥയെക്കുറിച്ചും ഇന്നത്തെ മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ. മാതൃഭൂമി റിപ്പോർട്ട് ഇവിടെ വായിക്കാം.


കൊച്ചി: സി.പി.എം ജില്ലാ സമ്മേളനം നടന്ന കൊച്ചി മറൈന്‍ ഡ്രൈവില്‍  പ്രസവ വേദന അനഭവിച്ച് യുവതി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയത് അരമണിക്കൂര്‍. മറൈന്‍ ഡ്രൈവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സമ്മേളനം നടന്നത്. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിലാണ് ഗര്‍ഭിണി കുടുങ്ങിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജനങ്ങളും പോലീസും രംഗത്തെത്തി ഇവര്‍ സഞ്ചരിച്ച വാഹനം കടന്നു പോകാന്‍ വഴിയൊരുക്കി. എന്നിട്ടും മൂന്നു മിനുട്ടുകൊണ്ട് ഓടിയെത്താവുന്ന ബോള്‍ഗാട്ടി ജങ്ക്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറെടുത്തു. പറവൂര്‍ ഭാഗത്തു നിന്നെത്തിയ വാഹനമാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത്.
മറൈന്‍ ഡ്രൈവിന് ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളും വാഹനങ്ങളുമാണ് ഇന്നലെ നഗരത്തിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കുടുങ്ങി. കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സമ്മേളനങ്ങള്‍ നടത്താന്‍ നഗരത്തിന് പുറത്ത് നിരവധി സ്ഥലങ്ങളുള്ളപ്പോള്‍ നഗരസിരാകേന്ദ്രമായ മറൈന്‍ ഡ്രൈവ് തിരഞ്ഞെടുക്കുന്നതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിട്ടുണ്ട്. 

Thursday, 4 January 2018

ബസ്സുകളിലെ വാതിലുകൾ




ഇന്നത്തെ മനോരമയിൽ നിന്നുള്ള വാർത്ത. കൊച്ചിയിൽ ഇത്തരം വാർത്തകൾ ഇതിനു മുൻപും ധാരാളം കേട്ടിട്ടുണ്ട്. വാതിൽ ഇല്ലാത്ത ബസ്സിൽ നിന്നും തെറിച്ചു വീണ് ആളുകൾ മരിക്കുന്നത് സംബന്ധിച്ച്. ഇവിടെ അത് ഗർഭിണി ആയിപ്പോയി. അവർ മരിക്കുകയും അവരുടെ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുകയും ചെയ്തു. തീർത്തും സങ്കടകരം തന്നെയാണ് ഇത്തരത്തിലുള്ള ഓരോ മരണവും.

പല സുഹൃത്തുക്കളും ആ സ്ത്രീയ്ക്ക് സീറ്റ് ലഭിക്കാഞ്ഞതുകൊണ്ടാണ് അപകടം എന്ന് പറയുന്നത് കണ്ടു. സീറ്റ് ലഭിച്ചിരുന്നു എങ്കിൽ അവർ അപകടത്തിൽ പെടില്ലായിരുന്നു. മറ്റാർക്കെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. ഇവിടെ വിഷയം ഡോർ ഉണ്ടായിട്ടും അത് തുടന്നിട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നതാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു ബസ്സുകളിൽ ഡ്രൈവർ പ്രവർത്തിപ്പിക്കുന്ന ന്യുമാറ്റിക് ഡോറുകൾ വേണമെന്ന ആവശ്യത്തിനു സർക്കാരുകൾ മുഖം തിരിക്കുന്നതാണ് ഇവിടെ പ്രധാനപ്രശ്നം. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് സർക്കാർ ആണെന്ന് ഞാൻ പറയും. കൃത്യമായി പറഞ്ഞാൽ ഉമ്മൻ ചാണ്ടി സർക്കാർ. പിന്നെ ഇപ്പോഴത്തെ വിജയൻ സർക്കാരും എറണാകുളം ആർ ടി എ കൊച്ചിയിൽ ഇത്തരം അപകടങ്ങൾ വർദ്ധിച്ചപ്പോൾ എല്ലാ ബസ്സുകൾക്കും വാതിൽ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെ ബസ്സുടമകൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയെ സമീപിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി എറണാകുളം ആർ ടി എ യുടെ ഈ തീരുമാനം സ്റ്റേ ചെയ്തു. നിയമം അങ്ങനെ പറയുന്നില്ല അത്രെ. അതിനെതിരെ എറണാകുളം ആർ ടി എ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി എങ്കിലും അന്നത്തെ സർക്കാർ അനുവദിച്ചില്ല. നിയമം ഇല്ലാത്തതിനാൽ ഹൈക്കോടതിയിൽ പോയിട്ടും കാര്യമില്ല എന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ വർഷം ആറുകഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ കരുതി നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറല്ല. എല്ലാ ബസ്സുകൾക്കും ഡ്രൈവർ ഓപ്പറേറ്റഡ് ന്യുമാറ്റിക് ഡോർ സ്ഥാപിക്കണം എന്നതാണ് എറണാകുളം ആർ ടി എയുടെ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ ഈ കേസ് നിലവിൽ പെന്റിങ്ങാണ്. അതിലും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു.

സീറ്റു സംവരണം എന്നത് ഈ വിഷയത്തിൽ പരിഹാരമേ അല്ല. എളുപ്പം ഇങ്ങനെ ഓരോ സീറ്റ് സംവരണം നൽകി ആളുകളെ സുഖിപ്പിക്കലാണല്ലൊ. നിലവിൽ 60% അധികം സംവരണം ഉണ്ട് ബസ്സിലെ സീറ്റുകൾക്ക്. ആകെ സംവരണം 50% കൂടുതൽ ആവരുതെന്ന നിർദ്ദേശം ബസ്സിലെ സീറ്റുകളുടെ കാര്യത്തിൽ ബാധകമല്ലെന്ന് തോന്നുന്നു. തോന്നിയ പടി എല്ലാവർക്കും സംവരണം ചെയ്തുകൊടുത്താൽ മതിയല്ലൊ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള സീറ്റ് ആദ്യം 5% സ്ത്രീകൾക്കും 5% പുരുഷന്മാർക്കും എന്നാക്കി. പിന്നെ അത് 10% വീതമാക്കി (G. O. (P)No.11/2013/Tran Dated 13/02/2013) . അതുപോലെ ഭിന്നശേഷിക്കാർക്ക് 2.5% സ്ത്രീ, 2.5% പുരുഷൻ (G. O.(P)No.5/2012/Tran Dated 02/02/2012). അമ്മയും കുഞ്ഞും ഒരു സീറ്റ്. ഇപ്പോൾ ദാ ഗർഭിണിയ്ക്കും 1 സീറ്റ് ഉണ്ടത്രേ. ജനറൽ സീറ്റുകൾ ഇത്ര ശതമാനം വേണം എന്ന് നിയമം നിഷ്കർഷിക്കുന്നുണ്ടോ ആവോ? പല സ്വകാര്യബസ്സുകളിലും സംവരണസീറ്റുകൾ കഴിഞ്ഞാൽ ആകെ നാലു അല്ലെങ്കിൽ ആറ് സീറ്റാണ് ബാക്കി പൊതുവിഭാഗത്തിനായി അവശേഷിക്കുക. പെർമിറ്റിൽ പറയുന്ന അത്രയും സീറ്റുകൾ ഇല്ലെങ്കിൽ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാവാറും ഇല്ല. പൊതുസീറ്റുകൾ കുറവുള്ള പല ബസ്സുകളെക്കുറിച്ചു ഞാൻ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട്. എന്നിട്ടും നടപടി ഉണ്ടായി കണ്ടില്ല.

Saturday, 23 December 2017

ചാന്തുപൊട്ടും ഉനൈസും പാർവതിയും

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് സിനിമയിലെ സൂപ്പർസ്റ്റാറുകൾ സമൂഹത്തിൽ അടിച്ചേല്പിക്കുന്ന സ്ത്രീ വിരുദ്ധത, ലൈംഗീകന്യൂനപക്ഷവിരുദ്ധത എന്നിവ. ഈ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് അഭിനേത്രി ആയ പാർവതി ഒരു പരിപാടിയിൽ കസബ എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പോലീസ് കഥാപാത്രം അതേ ചിത്രത്തിലെ മറ്റൊരു സ്ത്രീ പോലീസ് കഥാപാത്രത്തോട് ചിത്രത്തിലെ ഒരു രംഗത്ത് പെരുമാറുന്ന രീതി പാർവതിയെ വല്ലാതെ വേദനിപ്പിച്ചു എന്നും അത്തരം രംഗങ്ങൾ അവർ പ്രതീക്ഷിക്കുന്നില്ല എന്നുമുള്ള അഭിപ്രായം പങ്കുവെച്ചതിനെ തുടർന്നാണ്. ഇതെതുടർന്ന് ഇത്തരം നിരവധി രംഗങ്ങളെപ്പറ്റി സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശദമായ വിമർശനാത്മകമായ ചർച്ചകൾ നടന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് മുഹമ്മദ് ഉനൈസ് എന്ന വ്യക്തി ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് ഫേസ് ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പ്. അതിനെ തുടർന്ന് മലയാളം സിനിമാലോകത്തിനു വേണ്ടി മുഹമ്മദ് ഉനൈസിനോട് മാപ്പുചോദിച്ചുകൊണ്ട് പാർവ്വതി ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഉനൈസിനു ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ഉണ്ടായ ദുരനുഭവങ്ങളെ നിഷേധിക്കാൻ വേണ്ടിയല്ല എന്റെ ഈ കുറിപ്പ്. മറിച്ച് ഉനൈസിന്റെ കുറിപ്പ് വായിച്ച നടി പാർവതി സിനിമലോകത്തിനു വേണ്ടി ഉനൈസിനോട് മാപ്പ് ചോദിച്ചതിനെ കുറിച്ചാണ്. അങ്ങനെ മാപ്പ് ചോദിച്ചതിനോട് ഞാൻ വിയോജിക്കുന്നു എന്നറിയിക്കാനാണ്. സിനിമ തീർച്ചയായും ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം തന്നെയാണ്. ഉനൈസിന്റെ ആ വാദം അംഗീകരിക്കുന്നു. ചാന്ത്പൊട്ട്എന്ന സിനിമ പൂർണ്ണമായും ഞാനും കണ്ടിട്ടില്ല. പല അവസരങ്ങളിലായി സിനിമയുടെ 80% ഭാഗങ്ങൾ കണ്ടിട്ടുണ്ടാവും. ആ സിനിമയിൽ ഞാൻ മനസ്സിലാക്കിയിടത്തോളം സ്ത്രൈണമായ ചേഷ്ടകൾ പ്രകടിപ്പിക്കുന്ന ദിലീപിന്റെ കഥാപാത്രത്തിനു നേരിടേണ്ടി വരുന്ന ജീവിത ദുരന്തങ്ങൾ ആണ് ആ കഥയുടെ അടിസ്ഥാനം. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രാൻസ്ജന്ററോ, ഹോമോസെക്ഷ്വൽ ആയ വ്യക്തിയോ അല്ല. അമ്മൂമ്മ പെൺകുട്ടി വേണം അവരുടെ മോഹം കൊണ്ട് (അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ, അമ്മൂമ്മ പൂതിയാൽ ഈ കുഞ്ഞുകാതിലായ് രാധ എന്നാദ്യമായെ ചൊല്ലാം) രാധ എന്ന് വിളിച്ചു പെൺകുട്ടിയെ പോലെ അണിയിച്ചൊരുക്കി വളത്തിയതുകൊണ്ട് അയാൾക്കുണ്ടാകുന്ന ഒന്നാണ് പെരുമാറ്റത്തിലെ സ്ത്രൈണ സ്വഭാവം. പറഞ്ഞു വന്നത് ലൈംഗീകന്യൂനപക്ഷവിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് (ആ കഥയിലെ കഥാപാത്രം ലൈംഗീകന്യൂനപക്ഷം അല്ലെങ്കിലും) പൊതുവിൽ സമൂഹത്തിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ തന്റെ ചിത്രത്തിലൂടെ കാട്ടുകയാണ് അതിന്റെ ശില്പികൾ ചെയ്യുന്നത്.  ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ബെന്നി പി നായരമ്പലം എന്ന എന്റെ നാട്ടുകാരൻ (വൈപ്പിൻകരക്കാരൻ) തന്നെയാണ് ചെയ്തിരിക്കുന്നത്. കാർത്തികേയൻ എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി "അറബിക്കടലും അത്ഭുതവിളക്കും" എന്ന പേരിൽ രാജൻ പി ദേവിനു വേണ്ടി ബെന്നി പി നായരമ്പലം രചിച്ച നാടകം ആണ് പിന്നീട് "ചാന്തുപൊട്ട്" എന്ന സിനിമയാകുന്നത്. നാടകത്തിൽ രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ റോൾ ചെയ്തതും ബെന്നി പി നായരമ്പലം ആയിരുന്നു. സിനിമയിലെ രാധാകൃഷ്ണനെ പോലെ ഒരു തിരിച്ചുവരവ് യഥാർത്ഥ ജീവിതത്തിൽ കാർത്തികേയനില്ലായിരുന്നു. മാനസീക വിഭ്രാന്തി പിടിപെട്ട് കാർത്തികേയൻ എവിടെയോ പോയ്മറഞ്ഞു. ലൈഗീകന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്നവർക്ക് (ആ ചിത്രത്തിലെ നായകകഥാപാത്രമായ രാധാകൃഷ്ണൻ അത്തരം വിഭാഗത്തിൽ പെടുന്ന ആൾ അല്ലെങ്കിലും) സമൂഹത്തിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ തങ്ങളുടെ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് ചാന്തുപൊട്ടിന്റെ ശില്പികൾ ചെയ്തത്.  

സിനിമ ജനങ്ങളെ സ്വാധീനിക്കുന്ന മാദ്ധ്യമം ആണെന്ന ഉനൈസിന്റെ ആ വാദം അംഗീകരിക്കുന്നു. ഉനൈസിനുണ്ടായ അനുഭവങ്ങൾ നിഷേധിക്കുകയല്ല, മറിച്ച് അത്തരം ഒരു അനുഭവം ഉണ്ടാകത്തക്കവിധത്തിലുള്ള സന്ദേശങ്ങൾ ഒന്നു ആ സിനിമ നൽകുന്നില്ല എന്നുമാണ് ഞാൻ പറഞ്ഞത്. ചാന്തുപൊട്ട് എന്ന സിനിമയുടെ പേരിൽ ഉനൈസിനോട് മലയാളസിനിമാലോകം മൊത്തം മാപ്പു ചോദിക്കേണ്ട ഒന്നും ആ സിനിമയിൽ ഇല്ല. ചാന്തുപൊട്ട് എന്ന ചിത്രം രാധാകൃഷ്ണന്റെ സമരമാണ് (struggle) മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തനിക്കും അവകാശമുണ്ടെന്ന് സ്ഥാപിക്കാനുള്ള സമരം. ചില ലൈംഗീകന്യൂനപക്ഷവിഭാഗങ്ങൾക്ക് സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനയും അവഹേളനങ്ങളും രാധാകൃഷ്ണന്റെ അനുഭവങ്ങളിലൂടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. എന്നിട്ടും ആ ലൈംഗീകന്യൂനപക്ഷങ്ങളെ അവഹേളിക്കാൻ സമൂഹത്തിലെ ചിലർ ആ ചിത്രത്തിന്റെ പേരുൾപ്പടെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നു എങ്കിൽ കുഴപ്പം ചിത്രത്തിന്റേതല്ല, അത്തരത്തിൽ ആളുകളെ അവഹേളിക്കുന്ന വ്യക്തികളുടേതാണ്. അതിനു പാർവതിയ്ക്കു മാത്രമല്ല  ആ വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും ഉനൈസിനോട് മാപ്പ് ചോദിക്കാം. അല്ലാതെ മലയാള സിനിമയുടെ പേരിൽ മാപ്പു ചോദിക്കേണ്ട ആവശ്യം ഇല്ല എന്നതു തന്നെയാണ് എന്റെ നിലപാട്.

Monday, 27 November 2017

അഖിലയ്ക്ക് തുടർ പഠനത്തിനു അനുമതി

അഖില കേസിൽ വളരെ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങൾ ഇന്ന് സുപ്രീംകോടതിയിൽ നടന്നു. കോടതി അഖിലയുമായി സംസാരിച്ചു. അഖിലയ്ക്ക് പറയാനുള്ളത് അടച്ചിട്ട കോടതിമുറിയിൽ കേൾക്കണം എന്ന് അശോകന്റേയും എൻ ഐ എയുടേയും അഭിഭാഷകർ ശക്തമായ വാദം ഉന്നയിച്ചു എങ്കിലും കോടതി അത് നിരാകരിച്ചു. തുറന്ന കോടതിയിൽ തന്നെ അഖിലയ്ക്ക് പറയാനുള്ളത് കോടതി കേട്ടു. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് അഖില പറഞ്ഞപ്പോൾ കോടതിയുടെ ചോദ്യങ്ങളും അഖിലയുടെ മറുപടിയും തർജ്ജമചെയ്യാൻ സംസ്ഥാനസർക്കാരിന്റെ അഭിഭാഷകൻ ആയ വി ഗിരിയെ കോടതി ചുമതലപ്പെടുത്തി. അങ്ങനെ അഖിലയോട് വിദ്യാഭ്യാസത്തെ പറ്റിയും ഭാവിപരിപാടികളെക്കുറിച്ചു എല്ലാം ചോദിച്ച കോടതി തുടർന്നു പഠിക്കണമെന്ന് അഖിലയുടെ ആവശ്യം അംഗീകരിച്ചു. അഖിലയുടെ തുടർ പഠനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അഖില മുൻപ് പഠിച്ചിരുന്ന സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളേജിനു കോടതി നിർദ്ദേശം നല്കി. സർവ്വകലാശാലയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികൾ കോളേജ് അധികാരികൾ തന്നെ സ്വീകരിക്കണം. അഖിലയുടെ താമസത്തിനുള്ള സൗകര്യം ഒരുക്കണം. അതിനു ഒരു മുറിയോ ഷെയർ ചെയ്യുന്ന മുറിയോ ആകാം. ഹോസ്റ്റലിൽ മറ്റുകുട്ടികൾക്ക് ബാധകമായ എല്ലാ നിയമങ്ങളും അഖിലയ്ക്കും ബാധകമായിരിക്കും. അഖിലയുടെ പഠനത്തിന്റേയും താമസത്തിന്റേയും ചെലവ് കേരളസർക്കാർ വഹിക്കണം. അഖിലയുടെ സുരക്ഷ തമിഴ്നാട് പോലീസിന്റെ ചുമതല ആയിരിക്കും. അഖിലയുമായി ബന്ധപ്പെട്ട അഡ്മിഷൻ, താമസം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങൾക്കും കോളേജ് ഡീനിനു കോടതിയെ സമീപിക്കാവുന്നതാണ്. അച്ഛനോടൊപ്പമോ ഷെഫിൻ ജഹാനൊപ്പമോ പോകാൻ അഖിലയെ അനുവദിച്ചില്ല. കോളേജ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട കോടതി അതുവരെ അഖിലയ്ക്ക് കേരള ഹൗസിൽ തുടർന്നും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ കേരളത്തിന്റെ അഭിഭാഷകനായ വി ഗിരിയ്ക്ക് നിർദ്ദേശം നൽകി.

രണ്ടാമത്തേത് 16/08/2017-ൽ ഈ കേസിൽ എൻ ഐ എ അന്വേഷണത്തിനു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം എന്ന ഷെഫിൻ ജഹാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല എന്നതാണ്. നിയമാനുസൃതമായ അന്വേഷണവുമായി എൻ ഐ എയ്ക്ക് മുൻപോട്ട് പോകാം എന്ന് കോടതി അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം ഇന്നത്തെ ഉത്തരവിൽ വ്യക്തമാക്കി. 

തികച്ചും ഉയർന്ന നീതിബോധത്തോടെയുള്ളതാണ് ഇന്നത്തെ ഈ വിധിന്യായം എങ്കിലും ഇതിൽ വ്യക്തതയില്ലാത്ത പല വിഷയങ്ങളും ഉണ്ടെന്ന് ഞാൻ കരുതുന്നു. അഖിലയെ കാണാൻ ആർക്കെല്ലാം അനുവാദം ഉണ്ട്? അഖിലയ്ക്ക് മുഴുവൻ സമയവും ക്യാമ്പസ്സിൽ സംരക്ഷണം നൽകേണ്ടതുണ്ടോ? അഖിലയുടെ യാത്രകൾ എവിടെയ്ക്കൊക്കെ ആകാം? ക്യാമ്പസ്സിനു വെളിയിൽ പോകുന്നതിനും മറ്റുമുള്ള അനുവാദം അഖിലയ്ക്ക് ഉണ്ടോ? പതിനൊന്നുമാസത്തെ സമയമാണ് ഹൗസർജൻസി പൂർത്തിയാക്കുന്നതിനു വേണ്ടത്. അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ആവശ്യമുണ്ടെങ്കിൽ കോളേജ് ഡീനിനു കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ അഖിലയുടെ രക്ഷാകർതൃത്വം ആർക്കാണെന്നത് ഈ വിധിയിൽ ഇല്ല. അങ്ങനെ പല സംശയങ്ങൾ ഉള്ളതിനാൽ അതിൽ വ്യക്തതകൾ ആവശ്യപ്പെട്ടുള്ള ഹർജികൾ അടുത്ത ദിവസങ്ങളിൽ തന്നെ കോടതിയിൽ എത്തും എന്ന് കരുതുന്നു

ഇന്നത്തെ കോടതിവിധി ഇവിടെ വായിക്കാം

Sunday, 26 November 2017

അഖിലകേസ് സുപ്രീംകോടതി അഖിലയെ കേൾക്കുമ്പോൾ

അങ്ങനെ നാളെ അഖിലയ്ക്ക് പറയാനുള്ളത് സുപ്രീംകോടതി കേൾക്കുന്നു. കേരളഹൈക്കോടതിയിൽ പറഞ്ഞതിൽ നിന്നും കാര്യമായ വ്യത്യാസമുള്ള വസ്തുതകൾ ഒന്നും സുപ്രീം കോടതിയിലും പറയാൻ അഖിലയ്ക്ക് ഉണ്ടാകും എന്ന് കരുതുന്നില്ല. അശോകനും പൊന്നമ്മയ്ക്കും ഒപ്പം ഇത്രയും നാൾ താമസിച്ചപ്പോൾ പലർക്കും ഉണ്ടായിരുന്ന സംശയം അഖിലയിൽ മാറ്റങ്ങൾ ഉണ്ടാകുമോ, അഖിലയെ അശോകൻ അപായപ്പെടുത്തുമോ എന്നതായിരുന്നു. അശോകൻ കേരളഹൈക്കോടതിയിൽ പറഞ്ഞതുപോലെ മകൾ ഏത് മതം തിരഞ്ഞെടുക്കുന്നു എന്നത് അദ്ദേഹത്തിനു വിഷയം അല്ല. ഇസ്ലാം മതം അനുഷ്ടിച്ച് ജീവിക്കാനുള്ള സൗകര്യം മകൾക്ക് തന്റെ വീട്ടിൽ ഒരുക്കാം എന്നത് അശോകൻ ഹൈക്കോടതിയിലും പറഞ്ഞകാര്യമാണ്. മകൾ രാജ്യം വിട്ടു അപകടകരമായ സ്ഥലങ്ങളിലെത്തപ്പെടുമോ, തീവ്രവാദപ്രവർത്തകരുടെ കൈയ്യിൽ എത്തപ്പെടുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അതുകൊണ്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അശോകന്റെ കൈയ്യിൽ നിന്നും അഖിലയെ തട്ടിയെടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു 19നു നടത്തിയ തട്ടിക്കൂട്ട് കല്ല്യാണം എന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കളവായ കാര്യങ്ങൾ രേഖപ്പെടുത്തിയ, മുസ്ലീം ആണെന്നതിനു നിയമപരമായ ഒരു രേഖയും സമർപ്പിച്ചിട്ടില്ലാത്ത ഒരാളുടെ ഇസ്ലാമിക ആചാരപ്രകാരം നടന്ന വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയും ശരിയാണെന്നു തന്നെ ആണ് എന്റെ അഭിപ്രായം. ആ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹവും. അഖിലയ്ക്ക് ഷെഫിൻ ജഹാനെ വിവാഹം കഴിക്കാനോ വിവാഹം കഴിക്കാതെ തന്നെ അയാൾക്കൊപ്പം ജീവിക്കാനോ ഒക്കെ സ്വബോധം ഉള്ള സ്വന്തം കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിവുള്ള ഏതൊരാൾക്കും നിയമം നൽകുന്ന അവകാശം ഉണ്ട്. അത്തരം ഒരു മാനസികാവസ്ഥ അഖിലയ്ക്ക് ഉണ്ടോ എന്നത് ആദ്യം കോടതി ഉറപ്പുവരുത്തട്ടെ. നാളത്തന്നെ അഖിലയെ ഷെഫിൻ ജഹാനൊപ്പം പോകാൻ സുപ്രീംകോടതി അനുവദിക്കും എന്ന് കരുതുന്നില്ല. ഒപ്പം കേരളത്തിൽ നടക്കുന്ന സംഘടിതമായ മതപർവർത്തനങ്ങളെ കുറിച്ചും ഐ എസ് പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെ കുറിച്ചും സമഗ്രമായ അന്വേഷണവുമായി മുന്നോട്ട് പോകാൻ എൻ ഐ എയ്ക്ക് അനുവാദം ലഭിക്കും എന്ന് കരുതുന്നു. അഖില കേസിലെ വിധിയെ തുടർന്ന് കേരളഹൈക്കോടതിയിലെ രണ്ട് ന്യായാധിപന്മാർക്കെതിരെ ഉയർന്ന ഭീഷിണികളെക്കുറിച്ചും കേരളഹൈക്കോടതിയിലേയ്ക്ക് നടന്ന പ്രക്ടനത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ എങ്കിലും സുപ്രീംകോടതി തേടുമെന്നും ആ സംഭവത്തിൽ കോടതിയലക്ഷ്യനടപടികൾക്ക് അനുമതി നൽകുമെന്നും കരുതുന്നു. ഇതെല്ലാമാണ് എന്റെ പ്രതീക്ഷകൾ

Monday, 30 October 2017

അഖില കേസ് 30/10/2017

അഖില കേസിൽ എൻ ഐ എ അന്വേഷണത്തിനു 16/08/2017 സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഷെഫിൽ ജഹാൻ നൽകിയ ഹർജി 09/10/2017നു നടന്ന വാദം ദുഷ്യന്ത് ദവെയും മനീന്ദർ സിങ്ങും തമ്മിലുള്ള ചൂടൻ വാഗ്വാദങ്ങൾക്ക് വഴിമാറിയപ്പോൾ കേസ് 30/10/2017ലേയ്ക്ക് മാറ്റിവെച്ചതായി കഴിഞ്ഞ ബ്ലോഗിൽ എഴുതിയിരുന്നല്ലൊ. അതനുസരിച്ച് ഇന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി 27/11/2017നു ഉച്ചതിരിഞ്ഞു 3 മണിയ്ക്ക് അഖിലയെ കോടതി മുൻപാകെ ഹാജറാക്കാൻ അശോകനു നിർദ്ദേശം നൽകി. ഉത്തരവിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

UPON hearing the counsel the Court made the following
O R D E R

Having heard learned counsel for the parties, we are inclined to modify the order dated 16.08.2017 and accordingly direct the presence of the daughter of the first respondent at 3.00 P.M. on 27.11.2017. We may further add that this Court shall speak to her not in camera but in open Court. 

We will be failing in our duty if we do not note the submission of Mr.Maninder Singh, learned Additional Solicitor General appearing on behalf of the National Investigation Agency and Mr.Shaym Divan, learned senior counsel appearing for the first respondent that in a case of the present nature when there is material with regard to a pattern of indoctrination, the choice of the person should not be treated as absolute for guiding the jurisdictional spectrum of habeas corpus. It is additionally urged that having regard to the antecedents of the petitioner (who claims to be the husband of the daughter of the first respondent) and his association with Popular Front of India, his should not be straight away allowed on the basis of the interaction with the lady until the larger issue is decided. The larger issue that has been focused is centered on the antecedents of the petitioner and his association with Popular Front of India. Be it stated that we have noted the submission of Mr.Shyam Divan, learned senior counsel as he has urged it today. Mr.Kapil Sibbal, learned senior counsel for the petitioner has, however, objected to the allegations made against the petitioner

Mr.Shyam Divan, learned senior counsel undertakes that  the first respondent shall produce his daughter before this Court at the time and date fixed by this Court i.e. 27.11.2017 at 3.00 P.M.

Any interim protection that was given to the family of respondent No.1 shall continue until further orders.

List on 27.11.2017 at 3.00 P.M.

മലയാള വിവർത്തനം:

കക്ഷികളുടെ വാദങ്ങൾ കേട്ടതിനു ശേഷം കോടതി താഴെ കൊടുത്തിരിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരുടെ വാദങ്ങൾ കേട്ടതിനു ശേഷം  16/08/2017-ലെ ഞങ്ങളുടെ ഉത്തരവിൽ ചില ഭേദഗതികൾ വരുത്തുവാൻ ഞങ്ങൾ തയ്യാറാകുന്നു. ഒന്നാം എതിർകക്ഷിയുടെ മകളെ നവംബർ 27 ഉച്ചതിരിഞ്ഞു 3 മണിയ്ക്ക് ഈ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കുന്നു. ഞങ്ങൾ രഹസ്യമായല്ലാതെ തുറന്ന കോടതിയിൽ അവളോട് സംസാരിക്കുന്നതാണെന്നും അറിയിക്കുന്നു. 

ഈ കേസിൽ ആസൂത്രിതമായ മതപരിവർത്തനമാണ് നടന്നതെന്ന് സാധൂകരിക്കുന്നതിനുള്ള വസ്തുതകൾ ഉള്ളതിനാൽ ഹേബിയസ് കോർപ്പസ് നിയമവ്യവസ്ഥയുടെ ഉള്ളിൽ നിന്നുകൊണ്ട് ഈ കേസിന്റെ അന്തിമമായ തീരുമാനം എടുക്കുന്നത് വ്യക്തിയുടെ അഭിപ്രായത്തെ ആശ്രയിച്ചുകൊണ്ട് മാത്രം ആവരുതെന്നുള്ള നാഷണൽ ഇൻവെസ്റ്റിഗേറ്റിങ് ഏജൻസിയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റേയും ഒന്നാം എതിർകക്ഷിയ്ക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന്റേയും അപേക്ഷകൾ ഇവിടെ രേഖപ്പെടുത്താതെ പോവുകയാണെങ്കിൽ അത് ഞങ്ങളുടെ കൃത്യനിർവ്വഹണത്തിൽ ഞങ്ങൾ വരുത്തുന്ന വീഴ്ച ആയിരിക്കും. (ഒന്നാം എതിർകക്ഷിയുടെ മകളുടെ ഭർത്താവ് എന്ന് അവകാശപ്പെടുന്ന)  ആവലാതിക്കാരന്റെ മുൻകാലചെയ്തികളും, പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ എന്ന സംഘടനയുമായി അയാൾക്കുള്ള ബന്ധവും കണക്കിലെടുത്ത് സ്ത്രീയുമായി സംസാരിച്ചതിനു ശേഷവും ഈ കേസിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ തിരുമാനമാകുന്നതുവരെ ആവലാതിക്കാരനെ നേരിട്ട്  ഏല്പിക്കരുതെന്ന അപേക്ഷയും ഉന്നയിച്ചിട്ടുണ്ട്. പരിഗണിക്കപ്പെടുന്ന പ്രധാനവിഷയം കേന്ദ്രീകരിച്ചിരിക്കുന്നത് ആവലാതിക്കാരന്റെ മുൻകാലചെയ്തികളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുമായി അയാൾക്കുള്ള ബന്ധവും ആണ്. മുതിർന്ന അഭിഭാഷകനായ ശ്യാം ദിവാൻ ഇന്ന് ഉന്നയിച്ച ഈ ആവശ്യവും ഞങ്ങൾ രേഖപ്പെടുത്തുന്നു. എന്നാൽ ആവലതിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ തന്റെ കക്ഷിയ്ക്കെതിരായ ഈ ആരോപണങ്ങൾ നിരാകരിച്ചിട്ടുണ്ട്.

കോടതി നിശ്ചയിച്ച ദിവസം നിശ്ചയിച്ച സമയത്ത് അതായത് 27/11/2017 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഒന്നാം എതിർകക്ഷിയുടെ മകളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള ഉത്തരവാദിത്വം മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഏറ്റിട്ടുണ്ട്.

ഒന്നാം എതിർകക്ഷിയ്ക്കും കുടുംബത്തിനും ഇപ്പോൾ നൽകിവരുന്ന സംരക്ഷണങ്ങൾ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തുടർന്നും നൽകേണ്ടതാണ്.

ഈ കേസ് 27/11/2017 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് പരിഗണിക്കുന്നതാണ്.