Monday, 27 November 2017

അഖിലയ്ക്ക് തുടർ പഠനത്തിനു അനുമതി

അഖില കേസിൽ വളരെ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങൾ ഇന്ന് സുപ്രീംകോടതിയിൽ നടന്നു. കോടതി അഖിലയുമായി സംസാരിച്ചു. അഖിലയ്ക്ക് പറയാനുള്ളത് അടച്ചിട്ട കോടതിമുറിയിൽ കേൾക്കണം എന്ന് അശോകന്റേയും എൻ ഐ എയുടേയും അഭിഭാഷകർ ശക്തമായ വാദം ഉന്നയിച്ചു എങ്കിലും കോടതി അത് നിരാകരിച്ചു. തുറന്ന കോടതിയിൽ തന്നെ അഖിലയ്ക്ക് പറയാനുള്ളത് കോടതി കേട്ടു. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് അഖില പറഞ്ഞപ്പോൾ കോടതിയുടെ ചോദ്യങ്ങളും അഖിലയുടെ മറുപടിയും തർജ്ജമചെയ്യാൻ സംസ്ഥാനസർക്കാരിന്റെ അഭിഭാഷകൻ ആയ വി ഗിരിയെ കോടതി ചുമതലപ്പെടുത്തി. അങ്ങനെ അഖിലയോട് വിദ്യാഭ്യാസത്തെ പറ്റിയും ഭാവിപരിപാടികളെക്കുറിച്ചു എല്ലാം ചോദിച്ച കോടതി തുടർന്നു പഠിക്കണമെന്ന് അഖിലയുടെ ആവശ്യം അംഗീകരിച്ചു. അഖിലയുടെ തുടർ പഠനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അഖില മുൻപ് പഠിച്ചിരുന്ന സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളേജിനു കോടതി നിർദ്ദേശം നല്കി. സർവ്വകലാശാലയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികൾ കോളേജ് അധികാരികൾ തന്നെ സ്വീകരിക്കണം. അഖിലയുടെ താമസത്തിനുള്ള സൗകര്യം ഒരുക്കണം. അതിനു ഒരു മുറിയോ ഷെയർ ചെയ്യുന്ന മുറിയോ ആകാം. ഹോസ്റ്റലിൽ മറ്റുകുട്ടികൾക്ക് ബാധകമായ എല്ലാ നിയമങ്ങളും അഖിലയ്ക്കും ബാധകമായിരിക്കും. അഖിലയുടെ പഠനത്തിന്റേയും താമസത്തിന്റേയും ചെലവ് കേരളസർക്കാർ വഹിക്കണം. അഖിലയുടെ സുരക്ഷ തമിഴ്നാട് പോലീസിന്റെ ചുമതല ആയിരിക്കും. അഖിലയുമായി ബന്ധപ്പെട്ട അഡ്മിഷൻ, താമസം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങൾക്കും കോളേജ് ഡീനിനു കോടതിയെ സമീപിക്കാവുന്നതാണ്. അച്ഛനോടൊപ്പമോ ഷെഫിൻ ജഹാനൊപ്പമോ പോകാൻ അഖിലയെ അനുവദിച്ചില്ല. കോളേജ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട കോടതി അതുവരെ അഖിലയ്ക്ക് കേരള ഹൗസിൽ തുടർന്നും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ കേരളത്തിന്റെ അഭിഭാഷകനായ വി ഗിരിയ്ക്ക് നിർദ്ദേശം നൽകി.

രണ്ടാമത്തേത് 16/08/2017-ൽ ഈ കേസിൽ എൻ ഐ എ അന്വേഷണത്തിനു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം എന്ന ഷെഫിൻ ജഹാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല എന്നതാണ്. നിയമാനുസൃതമായ അന്വേഷണവുമായി എൻ ഐ എയ്ക്ക് മുൻപോട്ട് പോകാം എന്ന് കോടതി അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം ഇന്നത്തെ ഉത്തരവിൽ വ്യക്തമാക്കി. 

തികച്ചും ഉയർന്ന നീതിബോധത്തോടെയുള്ളതാണ് ഇന്നത്തെ ഈ വിധിന്യായം എങ്കിലും ഇതിൽ വ്യക്തതയില്ലാത്ത പല വിഷയങ്ങളും ഉണ്ടെന്ന് ഞാൻ കരുതുന്നു. അഖിലയെ കാണാൻ ആർക്കെല്ലാം അനുവാദം ഉണ്ട്? അഖിലയ്ക്ക് മുഴുവൻ സമയവും ക്യാമ്പസ്സിൽ സംരക്ഷണം നൽകേണ്ടതുണ്ടോ? അഖിലയുടെ യാത്രകൾ എവിടെയ്ക്കൊക്കെ ആകാം? ക്യാമ്പസ്സിനു വെളിയിൽ പോകുന്നതിനും മറ്റുമുള്ള അനുവാദം അഖിലയ്ക്ക് ഉണ്ടോ? പതിനൊന്നുമാസത്തെ സമയമാണ് ഹൗസർജൻസി പൂർത്തിയാക്കുന്നതിനു വേണ്ടത്. അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ആവശ്യമുണ്ടെങ്കിൽ കോളേജ് ഡീനിനു കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ അഖിലയുടെ രക്ഷാകർതൃത്വം ആർക്കാണെന്നത് ഈ വിധിയിൽ ഇല്ല. അങ്ങനെ പല സംശയങ്ങൾ ഉള്ളതിനാൽ അതിൽ വ്യക്തതകൾ ആവശ്യപ്പെട്ടുള്ള ഹർജികൾ അടുത്ത ദിവസങ്ങളിൽ തന്നെ കോടതിയിൽ എത്തും എന്ന് കരുതുന്നു

ഇന്നത്തെ കോടതിവിധി ഇവിടെ വായിക്കാം

Sunday, 26 November 2017

അഖിലകേസ് സുപ്രീംകോടതി അഖിലയെ കേൾക്കുമ്പോൾ

അങ്ങനെ നാളെ അഖിലയ്ക്ക് പറയാനുള്ളത് സുപ്രീംകോടതി കേൾക്കുന്നു. കേരളഹൈക്കോടതിയിൽ പറഞ്ഞതിൽ നിന്നും കാര്യമായ വ്യത്യാസമുള്ള വസ്തുതകൾ ഒന്നും സുപ്രീം കോടതിയിലും പറയാൻ അഖിലയ്ക്ക് ഉണ്ടാകും എന്ന് കരുതുന്നില്ല. അശോകനും പൊന്നമ്മയ്ക്കും ഒപ്പം ഇത്രയും നാൾ താമസിച്ചപ്പോൾ പലർക്കും ഉണ്ടായിരുന്ന സംശയം അഖിലയിൽ മാറ്റങ്ങൾ ഉണ്ടാകുമോ, അഖിലയെ അശോകൻ അപായപ്പെടുത്തുമോ എന്നതായിരുന്നു. അശോകൻ കേരളഹൈക്കോടതിയിൽ പറഞ്ഞതുപോലെ മകൾ ഏത് മതം തിരഞ്ഞെടുക്കുന്നു എന്നത് അദ്ദേഹത്തിനു വിഷയം അല്ല. ഇസ്ലാം മതം അനുഷ്ടിച്ച് ജീവിക്കാനുള്ള സൗകര്യം മകൾക്ക് തന്റെ വീട്ടിൽ ഒരുക്കാം എന്നത് അശോകൻ ഹൈക്കോടതിയിലും പറഞ്ഞകാര്യമാണ്. മകൾ രാജ്യം വിട്ടു അപകടകരമായ സ്ഥലങ്ങളിലെത്തപ്പെടുമോ, തീവ്രവാദപ്രവർത്തകരുടെ കൈയ്യിൽ എത്തപ്പെടുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അതുകൊണ്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അശോകന്റെ കൈയ്യിൽ നിന്നും അഖിലയെ തട്ടിയെടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു 19നു നടത്തിയ തട്ടിക്കൂട്ട് കല്ല്യാണം എന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കളവായ കാര്യങ്ങൾ രേഖപ്പെടുത്തിയ, മുസ്ലീം ആണെന്നതിനു നിയമപരമായ ഒരു രേഖയും സമർപ്പിച്ചിട്ടില്ലാത്ത ഒരാളുടെ ഇസ്ലാമിക ആചാരപ്രകാരം നടന്ന വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയും ശരിയാണെന്നു തന്നെ ആണ് എന്റെ അഭിപ്രായം. ആ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹവും. അഖിലയ്ക്ക് ഷെഫിൻ ജഹാനെ വിവാഹം കഴിക്കാനോ വിവാഹം കഴിക്കാതെ തന്നെ അയാൾക്കൊപ്പം ജീവിക്കാനോ ഒക്കെ സ്വബോധം ഉള്ള സ്വന്തം കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിവുള്ള ഏതൊരാൾക്കും നിയമം നൽകുന്ന അവകാശം ഉണ്ട്. അത്തരം ഒരു മാനസികാവസ്ഥ അഖിലയ്ക്ക് ഉണ്ടോ എന്നത് ആദ്യം കോടതി ഉറപ്പുവരുത്തട്ടെ. നാളത്തന്നെ അഖിലയെ ഷെഫിൻ ജഹാനൊപ്പം പോകാൻ സുപ്രീംകോടതി അനുവദിക്കും എന്ന് കരുതുന്നില്ല. ഒപ്പം കേരളത്തിൽ നടക്കുന്ന സംഘടിതമായ മതപർവർത്തനങ്ങളെ കുറിച്ചും ഐ എസ് പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെ കുറിച്ചും സമഗ്രമായ അന്വേഷണവുമായി മുന്നോട്ട് പോകാൻ എൻ ഐ എയ്ക്ക് അനുവാദം ലഭിക്കും എന്ന് കരുതുന്നു. അഖില കേസിലെ വിധിയെ തുടർന്ന് കേരളഹൈക്കോടതിയിലെ രണ്ട് ന്യായാധിപന്മാർക്കെതിരെ ഉയർന്ന ഭീഷിണികളെക്കുറിച്ചും കേരളഹൈക്കോടതിയിലേയ്ക്ക് നടന്ന പ്രക്ടനത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ എങ്കിലും സുപ്രീംകോടതി തേടുമെന്നും ആ സംഭവത്തിൽ കോടതിയലക്ഷ്യനടപടികൾക്ക് അനുമതി നൽകുമെന്നും കരുതുന്നു. ഇതെല്ലാമാണ് എന്റെ പ്രതീക്ഷകൾ